ചിത്താരി: സൗത്ത് ചിത്താരിയിലെ യുവാക്കളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന വാട്സാപ്പ് കൂട്ടായ്മയായ ഹൈദ്രോസ് മഹൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിനായി നിർമ്മിച്ച വീട് കൈമാറി. സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഹബീബ് കൂളിക്കാട് ചടങ്ങിൽ വീടിന്റെ താക്കോൽദാന കർമ്മം നിർവ്വഹിച്ചു.
സമൂഹത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് കരുതലാകണമെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ഇതൊരു ശ്രദ്ധേയമായ നേട്ടമായി. ഏകദേശം അറുപതോളം യുവാക്കൾ ഓരോ മാസവും 1000 രൂപ വീതം സ്വമേധയാ സമാഹരിച്ച് ഒരു വർഷക്കാലം കൊണ്ട് ഫണ്ട് കണ്ടെത്തിയാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. യുവാക്കളുടെ ഈ കൂട്ടായ്മ പ്രവർത്തനം പ്രദേശവാസികളിൽ നിന്നും വലിയ പ്രശംസയാണ് നേടിയത്.
ചടങ്ങിൽ നിസാർ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വീടിനുള്ള സ്ഥലം സംഭാവന ചെയ്ത എം.എച്ച് കുടുംബത്തിലെ ഷാന എം.എച്ച് ചടങ്ങിൽ മുഖ്യാഥിതിയായി .
മുൻ വാർഡ് മെമ്പർ സി.കെ ഇർഷാദ്, മുൻ എം.എസ്.എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി, റഷീദ് കൂളിക്കാട്, കുഞ്ഞാമ്മദ് ലണ്ടൻ, അബ്ദുള്ള മാങ്ങാട് അനസ്, നദീർ കുന്നുമ്മൽ, മുർഷിദ്, ഹംറാസ്, അനീസ്, ഹസ്സൻ, ഹാരിസ് സി.എം, മഷൂർ, ഹാഷിർ, ബാസിത്ത്, ശമീൽ, റിയാസ് ആവിയിൽ, അജ്നാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാമൂഹിക ഉത്തരവാദിത്തബോധത്തോടെ യുവാക്കൾ മുന്നോട്ട് വന്നാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ഈ പ്രവർത്തനം തെളിയിക്കുന്നതായി പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ