ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നുവെന്ന് വ്യാപക പരാതികൾ പുറത്തുവന്നതിനെ തുടർന്ന് മെയ് 3ന് നടത്തിയ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി. പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് നടപടി. വിദ്യാർഥികൾ പുനഃപരീക്ഷക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും അധിക ഫീസ് നൽകേണ്ടതില്ലെന്നും എൻ.ടി.എ അറിയിച്ചിട്ടുണ്ട്. നേരത്തെ അടച്ച ഫീസ് തിരികെ നൽകും. പുന:പരീക്ഷക്ക് മുന്നോടിയായി പുതിയ അഡ്മിറ്റ് കാർഡുകൾ നൽകും.
അന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കുന്നതെന്നാണ് എൻ.ടി.എ അറിയിച്ചിരിക്കുന്നത്. വിഷയം സമഗ്ര അന്വേഷണത്തിനായി സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. കേരളത്തിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിയിലേക്കും നിലവിൽ അന്വേഷണം നീളുന്നുണ്ട്. ഇയാൾ മേയ് ഒന്നിന് സിക്കറിലുള്ള തന്റെ സുഹൃത്തിന് അയച്ചുകൊടുത്ത ചോദ്യങ്ങൾ കോച്ചിങ് സെന്ററുകൾ വഴിയും മെസേജിങ് ആപ്പുകൾ വഴിയും വ്യാപകമായി പ്രചരിക്കുകയായിരുന്നു. പല ചോദ്യങ്ങളിലെയും ഉത്തരങ്ങളുടെ ക്രമം പോലും മാറ്റമില്ലാതെയാണ് പരീക്ഷയിൽ പ്രത്യക്ഷപ്പെട്ടത് എന്നത് അസ്വാഭാവികമായ കൃത്യതയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ