ഇനി വി.ഡി.സതീശൻ സർക്കാരിന്റെ നാളുകൾ. സെൻട്രൽ സ്റ്റേഡിയത്തിലെ വൻ ജനാവലിയെ സാക്ഷിയാക്കി കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അഞ്ചു വർഷത്തെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് വി.ഡി. സതീശനെ കേരളത്തിൻ്റെ ഭരണചക്രത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കെഎസ്‌യു എന്ന കരുത്തുറ്റ പോരാട്ടവീര്യത്തിൻ്റെ പാഠപുസ്തകത്തിൽ നിന്നും കേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയിരിക്കുന്നത്. "വടശേരി ദാമോദരൻ മേനോൻ സതീശൻ എന്ന ഞാൻ..." ഇങ്ങനെയായിരുന്നു സതീശൻ്റെ സത്യവാചകം ആരംഭിച്ചത്. ദൈവനാമത്തിലാണ് വി.ഡി. സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി വി.ഡി. സതീശന് തൊട്ടുപിന്നാലെ ആയിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സത്യപ്രതിജ്ഞ. മലപ്പുറത്ത് നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയ കുഞ്ഞാലിക്കുട്ടി ഒന്‍പതാം തവണയാണ് കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മന്ത്രിയായി കുഞ്ഞാലിക്കുട്ടിക്ക് ആറാമൂഴമാണ്.
മൂന്നാമതായാണ് രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പദവി കപ്പിനും ചുണ്ടിനുമിടയില്‍ വഴുതിയെങ്കിലും വി.ഡി. സതീശന്‍ മന്ത്രിസഭയിലെ രണ്ടാമത്തെ പവര്‍ സെന്റര്‍ രമേശ് ചെന്നിത്തലയാണ്. രമേശ് ചെന്നിത്തലക്ക് കേരളത്തിന്റെ ആഭ്യന്തര മന്ത്രി പദവിയില്‍ ഇത് രണ്ടാമൂഴമാണ്.
ചെന്നിത്തലയ്ക്ക് പിന്നാലെ നാലാമതായായിരുന്നു സണ്ണി ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. പേരാവൂരിൽ നിന്ന് കെ.കെ. ശൈലജയ്‌ക്കെതിരെ വിജയിച്ച് സണ്ണി ജോസഫ് കെപിസിസിയുടെ തലപ്പത്ത് നിന്നാണ് മന്ത്രിസഭയിലേക്ക് എത്തിയിരിക്കുന്നത്. പേരാവൂരിൽ നിന്ന് നാലാം തവണയാണ് വിജയിക്കുന്നത്.
മുൻപ് ഒരു തവണ മന്ത്രിയായിട്ടുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് കെ. മുരളീധരൻ മന്ത്രിസഭയിൽ എത്തുന്നത് ഇതാദ്യമായാണ്. മറ്റ് മന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലിയാണ് മുരളീധരൻ സത്യപ്രതിജ്ഞ ചെയ്തത്. മുരളീധരൻ്റെ സത്യപ്രതിജ്ഞ നിറഞ്ഞ കയ്യടികളോടെയാണ് ജനം സ്വീകരിച്ചത്.
വി.ഡി. സതീശൻ ക്യാബിനറ്റിലെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള മന്ത്രിയായാണ് കടുത്തുരുത്തിയിൽ നിന്ന് വിജയിച്ച മോൻസ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. ആറ് ജയങ്ങളുടെ നിറവിലാണ് മോൻസ് ജോസഫ് മന്ത്രിസഭയിലേക്ക് എത്തുന്നത്. പി.ജെ. ജോസഫിൻ്റെ വിശ്വസ്തനായ അദ്ദേഹം പാർട്ടി നിലപാടുകളിൽ കണിശക്കാരനാണ്.
വി.ഡി. സതീശൻ ക്യാബിനറ്റിലെ ആർഎസ്പിയിൽ നിന്നുള്ള മന്ത്രിയാണ് ഷിബു ബേബി ജോൺ. ചവറയിൽ നിന്ന് മൂന്നാം തവണ വിജയിക്കുന്ന ഷിബു ബേബി ജോൺ 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്നു. മുൻ മന്ത്രി ബേബി ജോണിൻ്റെ മകനാണ്. ഷിബു ബേബി ജോൺ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.
ജേക്കബ് വിഭാഗത്തിൽ നിന്നുള്ള മന്ത്രിയാണ് അനൂപ് ജേക്കബ്. പിറവത്ത് നിന്ന് നാല് തവണ ജയിച്ചു കയറി വന്ന അനൂപ് ജേക്കബിന് മന്ത്രിപദം രണ്ടാം തവണയാണ്. പിറവത്ത് നിന്ന് ചരിത്ര ഭൂരിപക്ഷം നേടിയാണ് അനൂപ് നിയമസഭയിലെത്തിയത്.
ടീം വിഡിഎസിലെ സിഎംപിയിൽ നിന്നുള്ള മന്ത്രിയാണ് സി.പി. ജോൺ. 2014ൽ സിഎംപി ജനറൽ സെക്രട്ടറിയായ സി.പി. ജോൺ യുഡിഎഫ് ഭരണകാലങ്ങളിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായിരുന്നു. ഇദ്ദേഹം സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.
വണ്ടൂരിൽ നിന്ന് തുടച്ചയായി ആറാം വിജയം നേടിയാണ് എ.പി. അനിൽകുമാർ മന്ത്രിക്കസേരയിലെത്തുന്നത്. മൂന്നാം തവണയാണ് മന്ത്രിയാകുന്നത്.
മുസ്ലീം ലീഗിൽ നിന്നുള്ള മന്ത്രിയായ എൻ. ഷംസുദ്ദീൻ്റെ രാഷ്ട്രീയപ്രവേശനം എംഎസ്എഫിലൂടെയാണ്. അഭിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്. ചാനൽ ചർച്ചകളിലെ ലീഗ് മുഖമാണ്.
മൂന്നാം തവണ നിയമസഭാംഗമാകുന്ന പി.സി. വിഷ്ണുനാഥ് ആദ്യമായാണ് മന്ത്രിപദത്തിലെത്തുന്നത്. കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ വിഷ്ണുനാഥ് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്നു.
2016 മുതൽ റോജി എം. ജോൺ അങ്കമാലി നിയോജക മണ്ഡലത്തെ തുടർച്ചയായി സഭയിൽ പ്രതിനിധീകരിക്കുന്നുണ്ട്. സിപിഐഎമ്മിൻ്റെ സാജു എം. പോളിനെ തോൽപ്പിച്ചാണ് ഇത്തവണ റോജി സഭയിൽ എത്തിയത്. വി.ഡി.എസ് മന്ത്രിസഭയിലെ യുവമുഖങ്ങളിലൊന്നാണ് റോജി.
പരാജയങ്ങൾക്കും പരിഹാസങ്ങൾക്കുമൊടുവിൽ കൊല്ലത്ത് നിന്നും വിജയിച്ച ബിന്ദു കൃഷ്ണയ്ക്ക് മന്ത്രി സ്ഥാനം നൽകുന്നത് കൊല്ലത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി മുതൽ രാഷ്ട്രീയ കാര്യ സമിതി അംഗം വരേയുള്ള പാർട്ടി പദവികൾ അലങ്കരിച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെയായി കോൺഗ്രസ് യുവനിരയിലെ സജീവ സാന്നിധ്യമാണ് ഹരിപ്പാട് സ്വദേശി എം. ലിജു. സംസ്ഥാനം എങ്ങും ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ സിറ്റിംഗ് എംഎൽഎ യു. പ്രതിഭയെ 15, 572 വോട്ടിന് മറികടന്നാണ് ലിജു കായംകുളം തിരിച്ചു പിടിച്ചത്. സംഘാടകൻ എന്ന നിലയിൽ എക്കാലവും പാർട്ടിയിൽ ശോഭിച്ച ലിജുവിന് മന്ത്രിയായും തിളങ്ങാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് കോണ്ഗ്രസ്.
എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ കെ.എം. ഷാജിക്ക് നിയമസഭയിൽ മൂന്നാം ഊഴമാണ്. മുസ്‌ലീം ലീഗിൻ്റെ യുവമുഖങ്ങളിൽ ഒന്നാണ് ഷാജി.
മികച്ച സംഘാടകൻ എന്ന നിലയിൽ കയ്യടികളേറെ നേടിയിട്ടുള്ള വ്യക്തിത്വമാണ് പി.കെ. ബഷീർ. പിതാവ് സീതി ഹാജിയെ പോലെ ഏറനാടൻ ഭാഷ പിന്തുടരുന്ന പി.കെ. ബഷീറിൻ്റെ ശൈലിയും അണികൾക്ക് ആവേശമാണ്. തുടർച്ചയായി നാലാം തവണയും ഏറനാട് മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടിയ പി.കെ. ബഷീറിന് മന്ത്രിസഭയിലേക്ക് ഇത് ആദ്യ അവസരമാണ്.
കഴിഞ്ഞ തവണ കൈവിട്ട കളമശേരി തിരിച്ചുപിടിച്ചെന്ന് മാത്രമല്ല, സംസ്ഥാന മന്ത്രിസഭയിൽ നിർണായക പദവിയിലേക്കും എത്തിയിരിക്കുകയാണ് അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കരുത്തിൽ വളർന്ന്, കാൽ നൂറ്റാണ്ടുകാലം നിയമരംഗത്തും സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി മാറിയ അബ്ദുൾ ഗഫൂർ, പിതാവ് വി.കെ. ഇബ്രാഹിം കുഞ്ഞിൻ്റെ രാഷ്ട്രീയ പാത പിന്തുടർന്ന് ഭരണരംഗത്തേക്ക് ചുവടുവെക്കുകയാണ്.
കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ ടി. സിദ്ദിഖ് രണ്ടാം വിജയത്തിലാണ് മന്ത്രിയായത്. കോൺഗ്രസിൻ്റെ യുവമുഖമാണ് അദ്ദേഹം.
ഇടതുകോട്ടയിൽ നിന്ന് കോങ്ങാട് പിടിച്ചെടുത്താണ് കെ.എ. തുളസിയുടെ ആദ്യ ജയം. പാലക്കാട് ജില്ലയിലെ ആദ്യ വനിതാ മന്ത്രിയാണ് തുളസി.
വി.ഡി.എസ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് ഒ.ജെ. ജനീഷ്. ഇടതുകോട്ടയായ കൊടുങ്ങല്ലൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോട് ജയിച്ചാണ് ജനീഷിൻ്റെ മന്ത്രിസഭാ പ്രവേശനം. യൂത്ത് കോൺഗ്രസിനെ സംസ്ഥാന തലത്തിൽ നയിച്ച് പരിചയമുള്ള ജനീഷിനെ കൊടുങ്ങല്ലൂരിനെ ഏൽപ്പിച്ചത് ഏറെ വിശ്വാസത്തോടെയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ