തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുകയാണ്. വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ കനക്കുന്നതാണ് അധികൃതരുടെ ആശങ്ക. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കുള്ള സാധ്യത മുന്നിൽക്കണ്ട് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നദികളുടെയും തോടുകളുടെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.അതേസമയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും റെഡ് അലേർട്ട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ജൂൺ 9 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ