ബെംഗളൂരുവില്‍ കാല്‍നടയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 18-കാരനായ മോഷ്ടാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരു കബ്ബന്‍പേട്ടിലാണ് സംഭവം നടന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ ചികിത്സ തേടിയിട്ടുള്ള ജുനൈദ് എന്ന യുവാവാണ് മരിച്ചത്.
കബ്ബന്‍പേട്ടിലെ 14-ാം ക്രോസ് റോഡിലൂടെ ഫോണ്‍ സംസാരിച്ച് നടന്നുപോയ ആളുടെ കൈയില്‍ നിന്നും സ്‌കൂട്ടറിലെത്തിയ ജുനൈദും കൂട്ടാളിയും ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു.
ഇരയായ വ്യക്തി ബഹളം വെച്ചതോടെ, സമീപത്തുണ്ടായിരുന്ന ഒരു ചുമട്ടുതൊഴിലാളി തന്റെ തലയിലുണ്ടായിരുന്ന ചാക്ക് മോഷ്ടാക്കളുടെ സ്‌കൂട്ടറിന് നേരെ എറിഞ്ഞു.
ചാക്ക് വന്ന് അടിച്ചതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മോഷ്ടാക്കള്‍ റോഡിലേക്ക് വീണു. നാട്ടുകാര്‍ പിടികൂടുമെന്ന ഭയത്താല്‍ ഇവര്‍ കവര്‍ന്ന ഫോണും സ്‌കൂട്ടറും സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍, ഏതാനും മീറ്ററുകള്‍ മാത്രം ഓടിയ ജുനൈദ് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഫുട്പാത്തില്‍ ഇരിക്കുകയും തൊട്ടുപിന്നാലെ കുഴഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു.
ജുനൈദിനൊപ്പം മോഷണത്തിന് പങ്കാളിയായിരുന്ന അര്‍ബാസ് (21) എന്ന യുവാവിനെ ഹലാസൂരു ഗേറ്റ് പോലീസ് അറസ്റ്റ് ചെയ്തു.
മരിച്ച ജുനൈദ് മുന്‍പ് ഹൃദയശസ്ത്രക്രിയയ്ക്ക് (സ്റ്റെന്റ് ഇടല്‍) വിധേയനായ വ്യക്തിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഓടിയപ്പോഴുള്ള അമിത ഭയവും ശാരീരിക ആയാസവുമാണ് പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമായത്.
ചുമട്ടുതൊഴിലാളി ചാക്കെറിയുന്നതും മോഷ്ടാക്കള്‍ വീണ് ഓടുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ