ചൊവ്വാഴ്ച, ജൂൺ 23, 2026

 



കാസര്‍കോട്: പ്രമുഖ പണ്ഡിതനും മംഗലാപുരം കീഴൂര്‍ ഖാസിയും സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായ തളങ്കര ഖാസിലൈനിലെ ത്വാഖാ അഹ്മദ് മൗലവി അല്‍ അസ്ഹരി (76) അന്തരിച്ചു. ഇന്ന് ഉച്ചയോടെ മംഗലാപുരം യേനപ്പോയ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗവും വിവിധ സ്ഥാപനങ്ങളുടെ സാരഥിയുമാണ്.
1949 ഓഗസ്റ്റ് 10ന് ഖാസിയാരകത്ത് മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനായി ചെമ്പരിക്കയിലാണ് ജനനം. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ പഠനം. ദര്‍സ് പഠനം പടന്ന മാവിലാ കടപ്പുറം, പെരിങ്ങത്തൂര്‍ ബേവിഞ്ച ദര്‍സുകളിലായിരുന്നു. കൊടുങ്ങല്ലൂര്‍ അഴീക്കോട് അല്‍ ഇര്‍ഷാദ് കോളേജ്, പൊന്നാനി മഊനത്തുല്‍ ഇസ്ലാം കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉപരി പഠനത്തിന് ശേഷം കൈറോ അല്‍അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ കുല്ലിയ ശരീഅ വല്‍ ഖാനൂനില്‍ നിന്ന് ഉസൂലുല്‍ ഫിഖ്ഹില്‍ എം. എ ബിരുദം നേടി. ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ നിന്ന് ദൗറാ ഹദീസില്‍ ബിരുദലും തഫ്സീര്‍, അദബ്, മഅ്ഖൂലാത്ത് എന്നിവയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കോട്ടയം തിരുനക്കര ശാഫിഈ ജുമാ മസ്ജിദില്‍ മൂന്ന് വര്‍ഷവും ത്വാഖയില്‍ (സലാല) ജാമിഅ് ശൈഖത്തു സല്‍മയില്‍ മുപ്പത് വര്‍ഷവും ഖതീബും മുദരിസുമായിരുന്നു.
മലബാര്‍ ഇസ്ലാമിക കോംപ്ലക്സ്, ജലാലുദ്ദീന്‍ മുഹമ്മദ് മൗലാ ഹിഫ്ദുല്‍ ഖുര്‍ആന്‍ ആന്റ് അറബിക് കോളേജ് (ബന്ദര്‍) തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പാളായി. കാശിപട്ടണത്തെ സി.എം. ഉസ്താദ് മെമ്മോറിയല്‍ ദാറുന്നൂര്‍ എജ്യുക്കേഷണല്‍ സെന്ററിന്റെ അധ്യക്ഷനാണ്.
ഭാര്യ: റഹ്മത്തുന്നിസ. മക്കള്‍: മുഹമ്മദ് (വെല്‍ഫിറ്റ്,അജ്മാന്‍) , ഹുസൈന്‍ റഹ്മാനി (പ്രിന്‍സിപ്പാള്‍, ദാറുന്നൂര്‍ ഇസ്ലാമിക് അക്കാദമി, കാശിപ്പട്ടണം), ഫാത്തിമ, ആയിഷ, അബൂബക്കര്‍ (മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി). മയ്യത്ത് തളങ്കര ഖാസിലൈനിലെ ബാസിയാരകം മന്‍സിലില്‍ കൊണ്ടുവരും.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ