ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനം. വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ, ബിഹാര്‍ ഗവര്‍ണര്‍ ലഫ്. ജന്‍(റിട്ട) സയ്ദ് അതാ ഹസ്‌നൈന്‍ എന്നിവരെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറാന്‍ ക്ഷണിച്ചിരുന്നു. കഴിഞ്ഞാഴ്ചയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ മോദിയെ ക്ഷണിച്ചത്.
ജൂലായ് നാലിനാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഖമനയി ജനിച്ച, വടക്ക് പടിഞ്ഞാറന്‍ ഇറാനിലെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന മഷാദില്‍ ജൂലായ് ഒമ്പതിന് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കും. ഫെബ്രുവരി 28ന് ഇസ്രയേല്‍ - യുഎസ് സഖ്യം തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 36 വര്‍ഷമാണ് ഇറാന്റെ പരമോന്നത നേതാവെന്ന പദവില്‍ അദ്ദേഹം രാജ്യത്തെ നയിച്ചത്. തെഹ്‌റാന് തെക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖോമിലും ചില ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നാണ് ഇറാന്റെ ഔദ്യാഗിക മാധ്യമം അറിയിച്ചിരിക്കുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ