കാഞ്ഞങ്ങാട്: ഏറെക്കാലമായി നാട്ടുകാർ ഉന്നയിച്ചിരുന്ന ആവശ്യത്തിന് പരിഹാരമായി സൗത്ത് ചിത്താരിയിൽ കെ.എസ്.ആർ.ടി.സി. ലിമിറ്റഡ് സ്റ്റോപ്പ് അനുവദിച്ചു. ഗതാഗത വകുപ്പ് ഇതുസംബന്ധിച്ച നടപടി പൂർത്തിയാക്കിയതോടെയാണ് പ്രദേശത്തിന് പുതിയ ലിമിറ്റഡ് സ്റ്റോപ്പ് ലഭ്യമാകുന്നത്.
പുതിയ സ്റ്റോപ്പ് നിലവിൽ വരുന്നതോടെ സൗത്ത് ചിത്താരി പ്രദേശത്തെ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പൊതുയാത്രക്കാർക്കും വലിയ ആശ്വാസമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ദീർഘദൂര സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി സമീപത്ത് നിന്ന് തന്നെ ബസിൽ കയറാനും ഇറങ്ങാനും സൗകര്യമൊരുങ്ങും.
ലിമിറ്റഡ് സ്റ്റോപ്പിനായി വിവിധ ഘട്ടങ്ങളിൽ നിവേദനങ്ങളും ഇടപെടലുകളും നടന്നിരുന്നു. മുസ്ലിം ലീഗ് സൗത്ത് ചിത്താരി കമ്മിറ്റി, കെ.എസ്.ഇ.ബി. ഓഫീസ് ചിത്താരി, ജി.എൽ.പി. സ്കൂൾ ചിത്താരി, മുൻ വാർഡ് മെമ്പർ സി. കെ. ഇർഷാദ് എന്നിവരുടെ നേതൃത്വത്തിൽ വിഷയം ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഗതാഗത മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ വിനോദ് താനത്തിങ്കാൽ ഈ വിഷയത്തിൽ ആവശ്യമായ പിന്തുണ നൽകിയതായും അറിയുന്നു. സ്റ്റോപ്പ് അനുവദിച്ചതിന് ഗതാഗത മന്ത്രി സി. പി. ജോണിനോട് പ്രദേശവാസികൾ നന്ദി അറിയിച്ചു.
പുതിയ ലിമിറ്റഡ് സ്റ്റോപ്പ് പ്രദേശത്തിന്റെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതം കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും സഹായകരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ