ബുധനാഴ്‌ച, ഓഗസ്റ്റ് 05, 2026



ന്യൂഡല്‍ഹി: തായ്ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയുടെ AI 2379 വിമാനം ചൊവ്വാഴ്ച രാവിലെ യാത്രാമധ്യേ ശക്തമായ ആകാശച്ചുഴിയില്‍ പെട്ടു. ഇതിനെ തുടര്‍ന്ന് വിമാനം അപ്രതീക്ഷിതമായി 300 അടിയിലേക്കു താഴ്ന്നതോടെ നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു.17 യാത്രക്കാര്‍ക്കും നാല് വിമാന ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്. വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചതോടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന യാത്രക്കാര്‍ വിമാനത്തിന്റെ മേല്‍ത്തട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനത്തിനുള്ളില്‍ ബാഗുകളും സാധനസാമഗ്രികളും ചിതറിത്തെറിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പലരുടെയും നിലവിളിയും പ്രാര്‍ത്ഥനകളും കൊണ്ട് വിമാനത്തിനുള്ളില്‍ ഭീതിദമായ അന്തരീക്ഷമാണ് ഉടലെടുത്തത്. സീറ്റ് ബെല്‍റ്റ് സൈന്‍ ഓഫായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി വലിയ ആഘാതമുണ്ടായതെന്ന് യാത്രക്കാര്‍ പറഞ്ഞു. തങ്ങള്‍ മരണത്തെ മുഖാമുഖം കണ്ടെന്നും, പുനര്‍ജന്മം ലഭിച്ചതുപോലെയാണ് തോന്നുന്നതെന്നും യാത്രക്കാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.  134 യാത്രക്കാരുമായി സര്‍വീസ് നടത്തിയ എയര്‍ബസ് A320 വിമാനം രാവിലെ 11 മണിയോടെ സുരക്ഷിതമായി ഡല്‍ഹിയില്‍ ഇറങ്ങി. വിമാനമിറങ്ങിയ ഉടന്‍ മെഡിക്കല്‍ സംഘത്തെ വിന്യസിച്ച് പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി.  പ്രാഥമിക പരിക്കേറ്റ യാത്രക്കാരെയും ജീവനക്കാരെയും ഡല്‍ഹി വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലേക്കും വസന്ത് കുഞ്ചിലെ ഇന്ത്യ സ്‌പൈനല്‍ ഇന്‍ജുറി സെന്ററിലേക്കും കൂടുതല്‍ പരിശോധനയ്ക്കായി മാറ്റി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ