വെള്ളിയാഴ്‌ച, സെപ്റ്റംബർ 11, 2026


കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ചട്ടഞ്ചാല്‍, എയ്യളയിലെ മുഹമ്മദ് ഫൈസല്‍ (34), പൊയ്‌നാച്ചിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ തസ്ലിം ഫര്‍സാന (24)എന്നിവരെയാണ് വിദ്യാനഗര്‍ എസ്‌ഐ വിജയന്‍ മേലത്തും സംഘവും പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ചെര്‍ക്കളയില്‍ വാഹന പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം. വ്യാഴാഴ്ച വൈകുന്നേരം നാലേകാല്‍ മണിയോടെ ചെര്‍ക്കള മേല്‍പ്പാലത്തിലെത്തിയപ്പോള്‍ കാസര്‍കോട് ഭാഗത്തു നിന്നു ചട്ടഞ്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. പൊലീസ് വാഹനം കണ്ടതോടെ കാര്‍ യൂടേണ്‍ എടുത്ത് അമിത വേഗതയില്‍ കാസര്‍കോട് ഭാഗത്തേക്ക് കുതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നിയ പൊലീസ് സംഘം കാറിനെ പിന്തുടര്‍ന്ന് പിടികൂടി. യുവതിയും യുവാവും കുട്ടിയുമായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്. ദേഹ പരിശോധനയില്‍ യുവാവിന്റെ പാന്റ്‌സിന്റെ കീശയില്‍ നിന്നു ഒരു ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നുവെന്ന് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മൂന്നു ഫോണുകളും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സംഘത്തില്‍ എസ്‌ഐ കെവി ജഗദീശന്‍, എഎസ്‌ഐ പ്രദീപ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സന്ധ്യ, ഡ്രൈവര്‍ സുരേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ