കാഞ്ഞങ്ങാട്: അജാനൂർ തീരദേശത്ത് ഹാർബർ നിർമ്മിക്കണമെന്ന ദീർഘകാല ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി പങ്കെടുക്കാത്തതിനെതിരെ തീരദേശവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. സംഘാടക സമിതി ഭാരവാഹികൾ നേരിട്ടെത്തി ക്ഷണിച്ചിട്ടും പ്രസിഡന്റ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതാണ് നാട്ടുകാരുടെ അമർഷത്തിന് കാരണമായത്.
തീരദേശ ജനതയുടെ ചിരകാല സ്വപ്നമായ ഹാർബർ യാഥാർഥ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുന്നതിനും നിവേദനം സമർപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. നാടിന്റെ പൊതുവായ വികസന ആവശ്യമായതിനാൽ പഞ്ചായത്ത് ഭരണസമിതിയുടെയും പ്രസിഡന്റിന്റെയും സജീവ പിന്തുണ നാട്ടുകാർ പ്രതീക്ഷിച്ചിരുന്നു.
ഇതിന്റെ ഭാഗമായി സംഘാടക സമിതി ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റിനെ നേരിൽ കണ്ട് പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുക്കാത്തത് തീരദേശ ജനതയുടെ ആവശ്യത്തോടുള്ള അവഗണനയാണെന്നാണ് സംഘാടകരുടെയും പ്രദേശവാസികളുടെയും ആരോപണം.
നാടിന്റെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ ജനപ്രതിനിധികൾ രാഷ്ട്രീയത്തിനതീതമായി ഇടപെടേണ്ടതുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പരിപാടിയിൽ പങ്കെടുക്കാതിരുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

10 വർഷം ഞങ്ങളുടെ ആള് ഭരിച്ചിട്ട്. ഇപ്പോൾ ഉൾകൊള്ളാൻ പലതും പറ്റുന്നില്ല. അതാണ് കാരണം.
മറുപടിഇല്ലാതാക്കൂ