ബുധനാഴ്‌ച, സെപ്റ്റംബർ 02, 2026


കാസർകോട്:  യുവാവിനെ നഗ്‌നനാക്കി കുട്ടിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും പോക്സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. വിട്ള സെറാജെയിലെ സുജിത്തില്‍(37) നിന്നാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. സുജിത്തിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. 29ന് വൈകിട്ട് 6 മണിയോടെ ഉക്കിനടുക്കയില്‍ നിന്ന് സുജിത്തിനെ അഞ്ചംഗസംഘം തടഞ്ഞുവെച്ച് മരവടി കാണിച്ച് ഭീഷണിപ്പെടുത്തി കാറില്‍ ബലമായി കയറ്റി ചെര്‍ക്കളക്ക് സമീപത്തെ ഒരു ക്വാര്‍ട്ടേഴ്സില്‍ എത്തിക്കുകയും മുറിയില്‍ പൂട്ടിയിട്ട് തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. പിന്നീട് സുജിത്തിനെ വീണ്ടും ഭീഷണിപ്പെടുത്തി നഗ്‌നനാക്കിയ ശേഷം മുറിക്കത്തുണ്ടായിരുന്ന കുട്ടിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു. തുടര്‍ന്ന് സംഘം സുജിത്തിനോട് പണം ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ വീഡിയോ പുറത്തുവിട്ട് പോക്സോ കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സുജിത്തില്‍ നിന്ന് ഒരുലക്ഷത്തി രണ്ടായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് വിട്ടയക്കപ്പെട്ടതോടെ സുജിത്ത് ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ