ബേക്കൽ: ബേക്കൽ മൗവലിൽ ഫ്രിഡ്ജുകൾ നിറച്ച കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് വാഹനവും ചരക്കുകളും കത്തിനശിച്ചു. ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം.
നിരവധി ഫ്രിഡ്ജുകളുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുടെ മുകൾഭാഗം വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഏതാനും ഫ്രിഡ്ജുകൾ വാഹനത്തിൽ നിന്ന് വലിച്ചിറക്കി രക്ഷപ്പെടുത്തി.
എന്നാൽ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ തീ ആളിക്കത്തി. തുടർന്ന് ഏകദേശം 50 ഓളം ഫ്രിഡ്ജുകളും കണ്ടെയ്നർ ലോറിയും പൂർണമായും കത്തിനശിച്ചു.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തീ അണയ്ക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ശ്രമിച്ചു. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ