കാസർകോട്: സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ കാഞ്ഞങ്ങാട്ടെ പ്രമുഖ നേതാവും മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എം. രാഘവൻ പാർട്ടിയിലെയും അനുബന്ധ സംഘടനകളിലെയും മുഴുവൻ ചുമതലകളും ഒഴിഞ്ഞു. സ്ഥാനങ്ങൾ ഒഴിയുന്നതായി അറിയിച്ച് ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു.
സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗം, ഏരിയാ സെന്റർ അംഗം, സിഐടിയു ജില്ലാ കമ്മിറ്റി അംഗം എന്നിവയ്ക്കു പുറമെ രണ്ട് പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചതായി എം. രാഘവൻ വ്യക്തമാക്കി.
തീർത്തും വ്യക്തിപരമായ കാരണങ്ങളാലാണ് ചുമതലകളിൽനിന്ന് ഒഴിയുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. തുടർന്നുള്ള നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പത്ത് ദിവസത്തിനുശേഷം പ്രതികരിക്കാമെന്നായിരുന്നു മറുപടി.
നിലവിൽ തിരുവനന്തപുരത്തെ വീട്ടിലേക്ക് യാത്ര ചെയ്യുകയാണെന്നും അവിടെയെത്തി കുറച്ചുദിവസം കുടുംബത്തോടൊപ്പം ചെലവഴിച്ചശേഷം ഭാവികാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും എം. രാഘവൻ പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ