കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, പത്രപ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സ്മരണാർത്ഥം അതിഞ്ഞാൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്മരണികാ സമിതി പ്രസിദ്ധീകരിച്ച ‘മാഷോർമ്മ’ പ്രകാശിതമായി.
സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചും മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിൽ സജീവ സാന്നിധ്യമായും ശ്രദ്ധേയനായിരുന്ന മുഹമ്മദ് കുഞ്ഞി മാസ്റ്റർ മികച്ച പ്രഭാഷകൻ, പരിഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. നിരവധി മത, വിദ്യാഭ്യാസ, ജീവകാരുണ്യ സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം തന്റെ കഴിവും കർമ്മശേഷിയും സമർപ്പിച്ചു.
മാസ്റ്ററുടെ ത്യാഗനിർഭരമായ പൊതുപ്രവർത്തന ജീവിതത്തിനും അനശ്വര സ്മരണകൾക്കും ഉചിതമായ ആദരവായി, കൊച്ചി മറൈൻ ഡ്രൈവിൽ യുവജനലക്ഷങ്ങൾ സംഗമിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയിലാണ് സ്മരണികയുടെ പ്രകാശനം നടന്നത്.
സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ആദ്യപ്രതി കൈമാറി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി., ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., പി.വി. അബ്ദുൽ വഹാബ് എം.പി., കെ.പി.എ. മജീദ്, പി.എം.എ. സലാം, പി.കെ. ഫിറോസ്, ഡോ. എം.കെ. മുനീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ തുടങ്ങിയ ജനപ്രതിനിധികളും മുസ്ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികളും സംബന്ധിച്ചു.
ബഷീർ വെള്ളിക്കോത്ത്, കെ.കെ. ബദറുദ്ദീൻ, ഹമീദ് ചേരക്കാടത്ത്, പി.എം. ഫാറൂഖ്, ബഷീർ ചിത്താരി (ജിദ്ദ), ഖാലിദ് അറബിക്കാടത്ത്, മൊയ്തീൻ കുഞ്ഞി മട്ടൻ, കെ.കെ. ഫസലുറഹ്മാൻ, പി. അഷ്റഫ് ചോട്ട തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ