കാഞ്ഞങ്ങാട്: പള്ളിക്കര പൂച്ചക്കാട്ട് 17കാരന് വെടിയേറ്റ സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിന് ഉപയോഗിച്ച റിവോൾവർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത 0.32 എം.എം വലുപ്പത്തിലുള്ള വെടിയുണ്ടയും പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കും.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പിതാവ് തലയണക്കടിയിൽ സൂക്ഷിച്ചിരുന്ന റിവോൾവർ എടുത്ത് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. വയറിന് വെടിയേറ്റ 17കാരനെ ഉടൻ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറെ നേരം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ശരീരത്തിൽ തറച്ച വെടിയുണ്ട പുറത്തെടുത്തത്. ആന്തരികാവയവങ്ങൾക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഭാഗ്യം കൊണ്ടാണ് ഗുരുതരമായ പരിക്കുകൾ ഒഴിവായതെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പൊലീസിന് നൽകിയ മൊഴി.
അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് വിദഗ്ധർ വെടിവെപ്പുണ്ടായ പൂച്ചക്കാട്ടെ വീട്ടിലെത്തി പരിശോധന നടത്തി. റിവോൾവർ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പതിനേഴുകാരന്റെ പിതാവ് ഇരുപത് വർഷത്തോളമായി കൈവശം സൂക്ഷിച്ചിരുന്ന റിവോൾവറിൽ നിന്നാണ് വെടിയുതിർത്തതെന്നും തോക്കിന്റെ ലൈസൻസ് പുതുക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ