വെള്ളിയാഴ്‌ച, നവംബർ 20, 2026


കാസര്‍കോട്: പുതിയ എന്‍ഡോസള്‍ഫാന്‍ സെല്‍ ഒരാഴ്ചക്കകം രൂപീകരിക്കുമെന്നും മൂന്ന് മാസത്തിലൊരിക്കല്‍ സെല്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി. 2024 ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തിയതിന്റെ മാനദണ്ഡം പുന:പരിശോധിക്കും. അവരെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിന്റെ ഭാഗമാക്കും. മെഡിക്കല്‍ ക്യാമ്പുമായി ബന്ധപ്പെട്ട് സമരസമിതിയുടെ പരാതി പരിഗണിച്ച് അടുത്ത മെഡിക്കല്‍ ക്യാമ്പ് നടത്താം. മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധര്‍ ഇതിനായി മാനദണ്ഡം തയ്യാറാക്കും. ദുരിതബാധിതരുടെ മരുന്ന് വിതരണത്തിന് ധനലഭ്യത തടസമാകില്ല, നിലവിലുള്ള മുഴുവന്‍ കുടിശ്ശികയും തീര്‍ത്ത് മരുന്ന് വിതരണം സുഗമമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് പ്രത്യേക ചികിത്സാ വിഭാഗം സജ്ജമാക്കും. ഇതിനായി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും ആവശ്യമായ സജ്ജീകരണങ്ങളും സംബന്ധിച്ച് മെഡിക്കല്‍ വിദഗ്ധ സംഘം പഠനം നടത്തും. ഒരു മാസത്തിനകം ഇതിനായുള്ള പഠനം നടത്തി ആവശ്യമായ സൗകര്യങ്ങളും തസ്തികകളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സാന്ത്വന സഹായം 2200 രൂപയില്‍ നിന്ന് 500 രൂപ കുറച്ച് 1700 രൂപയാക്കിയ വിഷയം പരിശോധിക്കും. ദുരിത ബാധിതരായ കുട്ടികളെ പരിചരിക്കുന്ന അമ്മമാരെയും പാക്കേജിന്റെ ഭാഗമാക്കും. അവരുടെ ഉപജീവനത്തിനുള്ള സൗകര്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തും. ജില്ലയില്‍ ബഡ്സ് സ്‌കൂളുകളുടെ നിലവിലെ സ്ഥിതിഗതി പഠിച്ച് അനിവാര്യമായ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011 ന് ശേഷം ജനിച്ചവരെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ച് തീരുമാനമെടുക്കും. ദുരിതബാധിത പ്രദേശമായി കണക്കാക്കുന്ന പഞ്ചായത്തുകളുടെ വിഷയം പരിശോധിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആജീവനാന്ത സൗജന്യ ചികിത്സയില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ 60 ശതമാനം പ്രശ്നങ്ങളും വേഗത്തില്‍ പരിഹരിക്കുമെന്നും പാക്കേജ് യാഥാര്‍ഥ്യമാകുന്നതോടെ മറ്റ് വിഷയങ്ങള്‍ കൂടി പരിഹരിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരസമിതി അംഗങ്ങള്‍ക്കും ദുരിത ബാധിതരുടെ രക്ഷിതാക്കള്‍ക്കും ഏത് നേരവും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കണ്ട് ആശങ്കകള്‍ അറിയിക്കാമെന്നും കൃത്യമായ ടീം വര്‍ക്കായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ കല്ലട്ര മാഹിന്‍, എ.കെ.എം അഷ്റഫ്, കെ.നീലകണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാ പൊലീസ് മേധാവി പി. നിധിന്‍ രാജ്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ രാരാരാജ് തുടങ്ങിയവര്‍ സംസാരിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ