വെള്ളിയാഴ്‌ച, നവംബർ 20, 2026


 വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത ബസുകള്‍ ജോയിന്റ് ആര്‍.ടി.ഒ നജീബിന്റെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. യാത്രയെക്കുറിച്ചും ബസ്സുകളെക്കുറിച്ചും നേരത്തെ തന്നെ ആര്‍ടിഒ ക്ക് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സംഭവത്തില്‍ ഗതാഗത കമ്മീഷണര്‍, കാസര്‍കോട് ആര്‍ടിഒ എന്നിവരില്‍ നിന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വിനോദയാത്രക്ക് വേണ്ടി എത്തിയ ബസുകളില്‍ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ വരുത്തിയിട്ടുണ്ടെന്ന് കാട്ടിയായിരുന്നു ആര്‍.ടി.ഒ. ബസുകള്‍ തടഞ്ഞത്. ഈമാസം 18ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൈസൂരിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. വിനോദയാത്രയില്‍ 102-ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. എന്നാല്‍ യാത്ര പുറപ്പെടുന്ന സമയത്ത് ഉദ്യോഗസ്ഥരെത്തി ബസുകള്‍ തടയുകയായിരുന്നു. ഈ മാസം 12-ാം തീയതി തന്നെ വിനോദയാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാഹനത്തിന്റെ നമ്പറുകള്‍ സഹിതം ആര്‍.ടി.ഒ ഓഫീസില്‍ രേഖാമൂലം അറിയിച്ചിരുന്നതായും എന്നാല്‍ യാത്രയ്ക്ക് അനുമതി നല്‍കുകയോ തള്ളിക്കളയുകയോ ചെയ്യുന്ന ഒരു നടപടിയും ആര്‍.ടി.ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ ഫാദര്‍ സന്തോഷ് പീറ്റര്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിയെന്ന ആരോപണവും ഉണ്ടായിരുന്നു. ഒടുവില്‍ എംഎല്‍എ സന്ദീപ് വാര്യര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബസുകളെ എംവിഡി അധികൃതര്‍ വിട്ടയക്കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ