ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തുടര്‍ സംഘര്‍ഷങ്ങളും കല്‍ഭൂഷണ്‍ ജാദവ് വിഷയവും ഇന്ത്യ-പാക് നയതന്ത്രബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തുമ്പോഴും, ഹൃദ്രോഗം ബാധിച്ച പാക് ബാലന് അടിയന്തരചികിത്സയ്ക്കായി മെഡിക്കല്‍ വീസ അനുവദിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് പാക് മാധ്യമങ്ങള്‍.
ഡോണ്‍, ജിയോ ടിവി തുടങ്ങിയ മാധ്യമങ്ങള്‍ ഏറെ പ്രധാന്യത്തോടെയാണു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. യുഎഇയിലെ മാധ്യമങ്ങളും സുഷമാ സ്വരാജിന്റെ ട്വീറ്റുകള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചു. മനുഷ്യത്വത്തിന്റെ വിജയം എന്നാണ് യുഎഇ മാധ്യമങ്ങള്‍ ഇന്ത്യന്‍ നടപടിയെ വിശേഷിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പാക് പൗരന്മാര്‍ സുഷമയ്ക്ക് ആശംസകള്‍ അറിയിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടരവയസുള്ള കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലായ സാഹചര്യത്തിലാണ് അവസാന പ്രതീക്ഷയെന്ന നിലയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ സഹായം അഭ്യര്‍ഥിക്കാന്‍ പിതാവായ കെന്‍ സയീദ് തീരുമാനിച്ചത്. ട്വിറ്ററിലൂടെയാണ് സയീദ് സുഷമാ സ്വരാജിന്റെ സഹായം തേടിയത്. ''ഇവന്‍ എന്റെ മകനാണ്. അവന്റെ രോഗത്തെക്കുറിച്ചോ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സംഭവിക്കുന്നതിനെക്കുറിച്ചോ ഇവനറിയില്ല. സഹായിക്കണം'' എന്നു സുഷമയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ മകന്റെ ചിത്രത്തിനൊപ്പം സയീദ് കുറിച്ചു.
സയീദിന്റെ പോസ്റ്റിനു താഴെ കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യര്‍ഥനയുമായി ഒട്ടേറെ ഇന്ത്യക്കാരുമെത്തിയതോടെ പോസ്റ്റ് വൈറലായി. കുഞ്ഞിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥനയും ആശംസകളും കുമിഞ്ഞുകൂടുന്നതിനിടെ, സുഷമാ സ്വരാജിന്റെ മറുപടിയെത്തി. ''ഇല്ല. ഈ കുഞ്ഞ് സഹിക്കേണ്ടി വരില്ല. പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടുക. ഞങ്ങള്‍ മെഡിക്കല്‍ വീസ ലഭ്യമാക്കാം.''
സുഷമയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ എംബസിയെ സമീപിച്ച സയീദിനും കുടുംബത്തിനും നിരാശപ്പെടേണ്ടി വന്നില്ല. മൂന്നു മാസത്തെ വീസയ്ക്കായി ശ്രമിച്ചുവന്ന സയീദിനും കുടുംബത്തിനും നാലു മാസത്തേയ്ക്കുള്ള വീസയാണ് വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്. സുഷമ സ്വരാജിന്റെ നല്ല മനസ്സിന് നന്ദിയറിയിച്ച് സയീദിന്റെ ട്വീറ്റും പിന്നാലെയെത്തി. പ്രകടമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും മനുഷ്യത്വം നിലനില്‍ക്കുന്ന കാഴ്ച ഏറ്റവും ഹൃദ്യമായ ഒന്നാണ്. നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും നന്ദി. മനുഷ്യത്വം ഇപ്പോഴും നിലനില്‍ക്കുന്നു. എല്ലാവരെയും സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. എന്നു സയീദ് കുറിച്ചു.
0 Comments