22 വര്‍ഷമായി റമദാനില്‍ മുടങ്ങാതെ നോമ്പനുഷ്ടിച്ച് ഒരു ഹിന്ദു വീട്ടമ്മ; സഹ മതാചാരങ്ങളോടുള്ള ബഹുമാനത്തിന്റെ നല്ലപാഠമായി ശോഭ ടീച്ചര്‍

22 വര്‍ഷമായി റമദാനില്‍ മുടങ്ങാതെ നോമ്പനുഷ്ടിച്ച് ഒരു ഹിന്ദു വീട്ടമ്മ; സഹ മതാചാരങ്ങളോടുള്ള ബഹുമാനത്തിന്റെ നല്ലപാഠമായി ശോഭ ടീച്ചര്‍

മലപ്പുറം: 22 വര്‍ഷമായി റമദാനില്‍ മുടങ്ങാതെ നോമ്പനുഷ്ടിച്ച് ഒരു ഹിന്ദു വീട്ടമ്മ. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ കോഓപറേറ്റീവ് കോളേജിലെ പ്രധാനാധ്യാപിക കെ ശോഭന എന്ന ശോഭ യദുകുമാറാണ് പുണ്യം പുക്കുന്ന റമദാനില്‍ നോമ്പു നോറ്റ് വ്യത്യസ്തയാകുന്നത്.

തന്റെ അയല്‍ക്കാരും സഹപ്രവര്‍ത്തകരും പകലന്തിയോളം അന്ന പാനീയം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കുമ്പോള്‍ താന്‍ മാത്രമെന്തിന് മാറി നില്‍ക്കണം എന്ന് ശോഭ ടീച്ചര്‍ ചോദിക്കുന്നത്. 22 വര്‍ഷമായി റമദാനില്‍ ഇവര്‍ നോമ്പനുഷ്ഠിക്കുന്നുണ്ട്. ക്രൈസ്തവര്‍ക്കൊപ്പം സെപ്റ്റംബറിലെ എട്ട് നോമ്പ് കൂടി എടുക്കുന്നതോടെ സഹ മതാചാരങ്ങളോടുള്ള ബഹുമാനത്തിന്റെ നല്ലപാഠം പകരുകയാണ് ശോഭ ടീച്ചര്‍.

1995 മുതലാണ് നോമ്പെടുക്കാന്‍ തുടങ്ങിയത്. മങ്കട സ്വദേശിനിയായ ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് പെരിന്തല്‍മണ്ണ ഒലിങ്കരയിലാണ്. അയല്‍വാസികളില്‍ കൂടുതലും മുസ്ലിംകളാണ്. ഇവര്‍ റമദാനില്‍ നോമ്പെടുക്കുന്നത് കണ്ടിട്ട് തനിക്കും നോമ്പെടുക്കണമെന്ന് ടീച്ചര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി മാറ്റിയിരിക്കുകയാണ് റമദാനിലെ നോമ്പ്. യോഗയും ധ്യാനവും ടീച്ചറുടെ പതിവില്‍പെട്ടതാണ്.

ഒരുമാസം ഉപവാസം കൂടിയാകുമ്പോള്‍ മാനസികവും ശാരീരികവുമായ ശുദ്ധത കൂടി ആര്‍ജിക്കാനും കഴിയുന്നു. കണ്ണൂര്‍ പാനൂരിലെ എല്‍ഐസി ബ്രാഞ്ച് മാനേജറായ യദുകുമാരനാണ് ഭര്‍ത്താവ്. യദീന്‍ യദുകുമാര്‍ ഏകമകനാണ്.

Post a Comment

0 Comments