
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ത്രി സ്റ്റാറിന് മുകളിലുള്ള ബാറുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ സാധിക്കും. ജൂലായ് ഒന്നു മുതൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വരും. കേരളത്തിൽ സമ്പൂർണ മദ്യനിരോധന പ്രായോഗികമല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി, യുഡിഎഫിന്റെ മദ്യനയം സമ്പൂർണ പരാജയം ആയിരുന്നുവെന്ന് പറഞ്ഞു. യുഡിഎഫ് മദ്യനയം മൂലം ലഹരി ഉപയോഗം കൂടി. മദ്യവർജനമാണ് ഇടതുമുന്നണിയുടെ നയം. സംസ്ഥാനത്ത് കൂടുതൽ ലഹരി വിമോചന കേന്ദ്രങ്ങൾ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മദ്യനയത്തിൽ സമ്പൂർണ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് നേരത്തെ, എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഫൈസ്റ്റാർ ബാറുകൾക്ക് പുറമെ പാതയോരത്തുനിന്ന് സുപ്രീം കോടതി നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാർ, ഫോർസ്റ്റാർ ബാറുകൾക്ക് അനുമതി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ടൂസ്റ്റാർ ഹോട്ടലുകൾക്ക് ബിയർ ആൻഡ് വൈൻ പാർലറുകൾ അനുവദിക്കും. കള്ളുവിൽപ്പന വർദ്ധിപ്പിക്കും. ഇതിന്റെ ഭാഗമായി കള്ളുവിൽപ്പന മദ്യാഷാപ്പുകൾക്ക് പുറത്തേക്കും വ്യാപിപ്പിക്കും. മദ്യം ഉപയോഗിക്കുന്നതിലൂള്ള പ്രായപരിധി 21ൽ നിന്നും 23 ആക്കി പുനനിശ്ചയിച്ചു.
0 Comments