വിലക്ക് നീങ്ങി; ഖത്തറിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ യു.എ.ഇക്കു മുകളിലൂടെ പറന്നു തുടങ്ങി

വിലക്ക് നീങ്ങി; ഖത്തറിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ യു.എ.ഇക്കു മുകളിലൂടെ പറന്നു തുടങ്ങി

ദോഹ: ഖത്തറിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ യു.എ.ഇ വ്യോമപഥത്തിലൂടെ പറന്നു തുടങ്ങി. ഖത്തര്‍ എയര്‍വേയ്‌സിനും ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും മാത്രമാണ് വ്യോമാതിര്‍ത്തിയില്‍ വിലക്കെന്ന യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറ്റിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിമാനങ്ങള്‍ വീണ്ടും പഴയ മാര്‍ഗത്തിലൂടെ പറന്നു തുടങ്ങിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിലക്കിനെത്തുടര്‍ന്ന് പാക്കിസ്താന്‍, ഇറാന്‍ വഴിയാണ് ദോഹയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറന്നിരുന്നത്. നിരോധനം സംബന്ധിച്ച് വ്യക്തത വന്നതിനെത്തുടര്‍ന്ന് ദോഹയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ യു.എ.ഇ വഴി പറന്നു തുടങ്ങിയതായി എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

24 മണിക്കൂര്‍ മുമ്പ് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കുന്ന വിമാനങ്ങള്‍ക്കാണ് പറക്കാന്‍ യു.എ.ഇ അധികൃതര്‍ അനുമതി നല്‍കുന്നത്. വിമാനത്തിലെ ജീവനക്കാരുടെ രാജ്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യാത്രക്കാര്‍, വിമാനത്തില്‍ കൊണ്ടു പോകുന്ന കാര്‍ഗോ വിവരങ്ങള്‍ എന്നിവയുടെ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ജെറ്റ് എയര്‍വേയ്‌സ് വക്താവ് പറഞ്ഞു.

ഉപാധികളോടെ വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ ദോഹയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ്, ഇന്‍ഡിഗോ വിമാനങ്ങളും യു.എ.ഇ വഴി പറക്കും. ഷെഡ്യൂള്‍ഡ് വിമാനങ്ങളായതിനാല്‍ വിവരങ്ങള്‍ നേരത്തേ നല്‍കുന്നത് പ്രയാസകരമല്ല.

ജെറ്റ് എയര്‍വേയ്‌സിന്റെ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസുകള്‍ക്കെല്ലാം അനുമതി ലഭിച്ചിട്ടുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി. പാക്കിസ്താന്‍, ഇറാന്‍ വഴി പറക്കേണ്ടി വന്നതിനെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് 50 മിനുട്ടോളം യാത്രാ ദൈര്‍ഘ്യം വേണ്ടി വന്നിരുന്നു. ഇതേത്തുടര്‍ന്ന് ലഗേജ് 30 കിലോയില്‍ നിന്ന് 20 കിലോയാക്കി കുറച്ചിരുന്നു. വീണ്ടും യു.എ.ഇ വഴി പറന്നു തുടങ്ങിയ സാഹചര്യത്തില്‍ ലഗേജുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചു വരികയാണെന്ന് ജെറ്റ് വക്താവ് പറഞ്ഞു.

Post a Comment

0 Comments