കൊച്ചി മെട്രോയില്‍ മോദിക്കൊപ്പം വലിഞ്ഞുകയറി കുമ്മനം; ഇരിപ്പിടം തരപ്പെടുത്തിയത് ഗവര്‍ണര്‍ക്ക് അടുത്ത്

LATEST UPDATES

6/recent/ticker-posts

കൊച്ചി മെട്രോയില്‍ മോദിക്കൊപ്പം വലിഞ്ഞുകയറി കുമ്മനം; ഇരിപ്പിടം തരപ്പെടുത്തിയത് ഗവര്‍ണര്‍ക്ക് അടുത്ത്

കൊച്ചി: മെട്രോ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇടിച്ചുകയറി സ്ഥാനം പിടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രതിപക്ഷ നേതാവടക്കമുള്ള ജനപ്രതിനിധികളെ ഒഴിവാക്കി പ്രധാനമന്ത്രി നടത്തിയ യാത്രയില്‍ സുരക്ഷാ പട്ടികയെ പോലും അട്ടിമറിച്ചാണ് കുമ്മനം രാജശേഖരന്‍ ഇടം കണ്ടെത്തിയത്. ഗവര്‍ണര്‍ പി സദാശിവം, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ നിരയിലാണ് കുമ്മനവും ഇരിപ്പിടം കണ്ടെത്തിയത്. മോദിയ്ക്ക് തൊട്ടടുത്ത് തന്നെ സീറ്റ് കിട്ടിയില്ലെങ്കിലും മോദിയുടെ അടുത്തിരിക്കുന്ന സദാശിവത്തിനടുത്ത് ഒരു സീറ്റ് തരപ്പെടുത്തിയെടുത്തു കുമ്മനം.


കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ ബീഫ് ഫെസ്റ്റ് നടത്തിയായിരുന്നു സ്വീകരിച്ചത്. നാവികസേനാ വിമാനത്താവളത്തിന് പുറത്തായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. നേരത്തെ ഇ. ശ്രീധരനെ മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തിയതിന്റെ ക്രഡിറ്റ് നേടിയെടുക്കാനുള്ള ഒരു ശ്രമവും കുമ്മനം നടത്തിയിരുന്നു. ഇ. ശ്രീധരനെ വേദിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ പട്ടിക തിരുത്തി പുതിയ പട്ടിക പുറത്തിറക്കുകയായിരുന്നു കേന്ദ്രം. ഇതിന്റെ കോപ്പി പിണറായിയുടെ ഓഫീസിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം പിണറായി വിജയന്‍ അറിയിക്കുന്നതിന് മുന്‍പേ കുമ്മനം പത്രസമ്മേളനം വിളിച്ച് ശ്രീധരനെ ഉള്‍പ്പെടുത്തിയ കാര്യം അറിയിക്കുകയായിരുന്നു.

Post a Comment

0 Comments