വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡുകളും കവര്‍ന്നു; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡുകളും കവര്‍ന്നു; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട് : വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡുകളും കവര്‍ന്നു. കാസര്‍കോട്ടെ കിന്‍ഫ്ര വസ്ത്ര നിര്‍മ്മാണ ഫാക്ടറി ഉടമയും മധൂര്‍ സ്വദേശിയുമായ കെ. സതീഷ് (47) ആണ് അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സതീഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കിന്‍ഫ്രയിലേക്ക് തമിഴ്നാട്ടിലെ തുണിസഞ്ചി നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും വസ്ത്രങ്ങള്‍ കൊണ്ടുവരുന്നതിനായി ട്രെയിന്‍ കയറാന്‍ സതീഷ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ തന്റെ കെ എല്‍ 14 ടി 151 നമ്പര്‍ ഇന്നോവ കാറില്‍ എത്തിയതായിരുന്നു. കാര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ശേഷം ഇറങ്ങുകയായിരുന്ന സതീഷിനെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തുകയും ബലമായി പിടിച്ച് ഓട്ടോയില്‍ കയറ്റുകയും ചെയ്തു. ഇതിനു ശേഷം സതീഷിനെ സംഘം ഓട്ടോയില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സതീഷ് ഓട്ടോയില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സംഘം മര്‍ദിച്ചു. തളങ്കര ഭാഗത്തേക്ക് സതീഷിനെ കൊണ്ടുപോയ സംഘം മര്‍ദനം തുടരുകയും ഇതിനിടയില്‍ സതീശിന്റെ കൈയ്യിലുണ്ടായിരുന്ന 5,000 രൂപയും 80,000 രൂപ വില മതിക്കുന്ന സ്വര്‍ണമാലയും മൂന്ന് എടിഎം കാര്‍ഡുകളും ലൈസന്‍സും തട്ടിയെടുത്തു. ഇതിനു ശേഷം സതീഷിനെ രാത്രി 11 മണിയോടെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഓട്ടോയില്‍ നിന്നും ചവിട്ടി പുറത്തുതള്ളുകയും സംഘം ഓട്ടോയില്‍ കടന്നുകളയുകയും ചെയ്യുകയായിരുന്നുവെന്ന് സതീഷ് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments