വേതന വർധനവ് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ നഴ്സുമാർ അനിശ്ചിതകാല സമരം തുടങ്ങിയാൽ ആശുപത്രികൾ അടച്ചിടുമെന്ന് ഒരു വിഭാഗം സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളാണ് പ്രഖ്യാപിച്ചത്. നഴ്സുമാർ സമരം ആരംഭിച്ചാൽ ആശുപത്രികളുടെ പ്രവർത്തനം താറുമാറാകും. രോഗികൾ മരിക്കാനിടയാകുന്ന സാഹചര്യം ഒഴിവാക്കാനും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ആശുപത്രികൾ അടച്ചിടുകയായിരിക്കും ഉചിതമെന്നാണ് ഒരുവിഭാഗം മാനേജ്മെന്റിന്റെ വിലയിരുത്തൽ. എന്നാൽ ഇതിനോട് യോജിക്കില്ലെന്ന് പ്രൈവറ്റ് ആശുപത്രി അസോസിയേഷൻ അറിയിച്ചു.
തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് നഴ്സുമാരുടെ തീരുമാനം. 20,000 രൂപ അടിസ്ഥാന ശന്പളമെന്ന ആവശ്യം അംഗീകരിക്കപ്പെടാതെ വന്നതോടെയാണ് നഴ്സുമാർ സമരത്തിലേക്ക് നീങ്ങിയത്. ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ ആശുപത്രികളിൽ സൗജന്യം സേവനം നൽകാമെന്നും നഴ്സുമാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ട ശന്പള വർധനവ് ലഭിക്കുന്നില്ലെങ്കിൽ സമരവുമായി ഏതറ്റം വരെയും പോകുമെന്ന് നഴ്സുമാർ വ്യക്തമാക്കി കഴിഞ്ഞു.
അതേസമയം, വേതന വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരുടെ സമരം നേരിടാൻ ആശുപത്രികൾ അടച്ചിടുമെന്ന ഒരു വിഭാഗം മാനേജ്മെന്റുകളുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പറഞ്ഞു. ആശുപത്രികൾ അടച്ചിടുമെന്ന പ്രഖ്യാപനംകൊണ്ട് നഴ്സുമാരുടെ സമരത്തെ നേരിടാൻ കഴിയില്ല. ഒരു തരത്തിലുള്ള സമ്മർദങ്ങൾക്കും കീഴടങ്ങില്ലെന്നും നഴ്സുമാർ ആവശ്യപ്പെട്ട ന്യായമായ ശന്പള വർധനവ് ലഭിക്കുന്നത് വരെ സമരം തുടരുമെന്നും യുഎൻഎ ഭാരവാഹികൾ അറിയിച്ചു.
0 Comments