വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ന്യുഡല്‍ഹി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. വെങ്കയ്യ നായിഡു കൂടി പങ്കെടുത്ത യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ചില നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ യോഗത്തില്‍ മറ്റൊരു പേരും ചര്‍ച്ചയായില്ല.

ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. നിലവില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ വെങ്കയ്യ നായിഡു ആന്ധ്രപ്രദേശ് സ്വദേശിയാണ്. 68കാരനായ അദ്ദേഹം 1949 ജൂലൈ ഒന്നിന് ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലാണ് ജനിച്ചത്. പൊളിറ്റിക്‌സില്‍ ബിരുദധാരിയായ അദ്ദേഹം ആന്ധ്ര യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലോയില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.

പഠനകാലത്ത് എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ വന്ന വെങ്കയ്യ നായിഡു ആര്‍എസ്എസുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. 1972ലെ ജെയ് ആന്ധ്ര മൂവ്‌മെന്റിലൂടെയാണ് വെങ്കയ്യ നായിഡു പൊതുരംഗത്ത് ശ്രദ്ധേയനായത്. 1974ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടി ജയില്‍ വാസം അനുഭവിച്ചു. 1978, 1983 വര്‍ഷങ്ങളില്‍ ആന്ധ്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലെത്തി. 2004, 2010 വര്‍ഷങ്ങളിലും കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലെത്തി.

വാജ്‌പേയി സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു. 2002ല്‍ ജന കൃഷ്ണമൂര്‍ത്തിയുടെ പിന്‍ഗാമിയായി ബിജെപി ദേശീയ അധ്യക്ഷനായി. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് അദ്ദേഹം ദേശീയ പ്രസിഡന്റ് പദവി ഒഴിഞ്ഞത്. ബിജെപിയിലും പോഷക സംഘടനകളിലും നിരവധി സംഘടനാ പദവികള്‍ വെങ്കയ്യ നായിഡു വഹിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 5നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി.

Post a Comment

0 Comments