വീണ്ടുമൊരു നോട്ട് അസാധുവാക്കലിന് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു?

വീണ്ടുമൊരു നോട്ട് അസാധുവാക്കലിന് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു?

ന്യൂഡൽഹി: കഴിഞ്ഞ നവംബർ 8ന് അർദ്ധരാത്രിയിൽ തികച്ചും അപ്രതീക്ഷിതമായാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന ഉയർന്ന മൂല്യമുള്ള (500, 1000) നോട്ടുകൾ റദ്ദാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതിന്റെ തുടർച്ചയെന്നോണം, കേന്ദ്രസർക്കാർ വീണ്ടുമൊരു നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ഒരുക്കം നടത്തുന്നതായി അഭ്യൂഹം ശക്തമാകുന്നു. പുതിയതായി പുറത്തിറക്കിയ 2000 രൂപ നോട്ടിനെയാകും ഇത്തവണ കേന്ദ്രസർക്കാർ റദ്ദാക്കുകയെന്നാണ് പ്രചാരണം.

വിവിധയിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹം പരന്നതോടെ, വിഷയത്തിൽ പ്രതിപക്ഷം ധനമന്ത്രി അരുൺ ജയ്റ്റ്‍‌ലിയോട് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകാതെ ഒഴിഞ്ഞുമാറിയതാണ് ഇപ്പോൾ അഭ്യൂഹം ശക്തമാഗകാൻ ഇടയാക്കിയത്. പുതിയ 2000 രൂപ നോട്ടുകൾ അസാധുവാക്കാൻ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നായിരുന്നു രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ചത്. എന്നാൽ, വിശദീകരണം നൽകാൻ മന്ത്രി തയ്യാറായില്ല.

മൂല്യം കൂടിയ നോട്ടുകൾ സൂക്ഷിക്കാൻ എളുപ്പമായതിനാൽ അവ കള്ളപ്പണമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. കൂടാതെ, കഴിഞ്ഞ ഏതാനും ആഴ്ചകളിലായി എ.ടി.എമ്മുകളിൽ നിന്നും 2000 രൂപാ നോട്ടുകൾ നേരത്തേതു പോലെ ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം, 2000 രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് നിർത്തിവെച്ചു. ആവശ്യത്തിന് ചില്ലറിയില്ലാത്തത് കാരണം ജനം വലയുന്നതിനാലാണ് ചെറിയ മൂല്യമുള്ള നോട്ടുകൾ കൂടുതൽ അച്ചടിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. 200 രൂപയുടെ നോട്ട് പുറത്തിറങ്ങിയാൽ ഇടപാടുകൾ കൂടുതൽ സുഗമമായി നടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടുതൽ സുരക്ഷാ സംവിധാനങ്ങളുമായാണ് പുതിയ നോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. ബാങ്കുകൾ വഴിയാവും 200 രൂപ നോട്ട് വിതരണം ചെയ്യുക.

Post a Comment

0 Comments