വിജ്ഞാനം അന്ധകാരത്തിൽനിന്നും വെളിച്ചത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. പക്ഷെ ഇന്ന് കലാലയങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പേക്കൂത്തുകളറിഞ്ഞാൽ ഇത് കലാലയമോ അതോ ഭ്രാന്താലയമോ എന്ന് തോന്നിപ്പോകും. കഴിഞ്ഞ ദിവസം നമ്മൾ വായിച്ചില്ലേ സീനിയർ വിദ്യാർത്ഥിനികൾ ജൂനിയർ വിദ്യാർത്ഥിനിയെ റാഗ് ചെയ്ത വാർത്ത!
മുമ്പൊക്കെ ആണ്കുട്ടികളായിരുന്നുവെങ്കിൽ ഇന്ന് പെൺകുട്ടികളും അതെ വഴി സ്വീകരിച്ചിരിക്കുന്നു. ലഹരിയിൽ മതിമറന്നറാടിക്കൊണ്ടിരിക്കുന്നു ഇന്നത്തെ ക്യാമ്പസ്! സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഒരുപാട് ഓർമ്മകൾ നൽകുന്ന കലാലയ ജീവിതം ഇന്ന് അക്രമത്തിന്റെയും ലഹരിയുടെയും കരാള ഹസ്തത്തിൽ പിടിയമർന്നിരിക്കുന്നു.
സ്വന്തം സഹപാഠിയെ ജാതിയുടെയും സംഘടനയുടെയും പേരുപറഞ്ഞു തിരഞ്ഞുപിടിച്ചു ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. ഏറ്റവും അധികം നാണിപ്പിക്കുന്ന വർത്തകളാണിന്നു കലാലയങ്ങളിൽനിന്ന് കേൾക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നാം വായിച്ചതല്ലേ? ഏഴാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു. കാരണക്കാരൻ എട്ടാം ക്ലാസ്സുകാരൻ! എത്രയെത്ര ചീഞ്ഞുനാറുന്ന വാർത്തകൾ!
കോഴിക്കോട് വിദ്യാർത്ഥിയെ കുത്തിക്കൊന്നതും പ്രകൃതിവിരുദ്ധ പീഡനത്തിനുവേണ്ടിയാണെന്നു കേൾക്കുമ്പോളാണ് കൂടുതൽ നാണക്കേടുണ്ടാക്കുന്നത്. ആണ്‍കുട്ടികൾക്കുപോലും സുരക്ഷിതത്വം ഇല്ലായെന്ന അവസ്ഥയാണിന്ന്.
അധ്യാപകരാലും വിദ്യാർത്ഥികൾ പീഡനങ്ങളേൽക്കേണ്ടിവരുന്നു. അതെ കലാലയം കാമാലയമായിക്കൊണ്ടിരിക്കുന്നു. ജാതിയോ മതമോ ഇല്ലാത്ത കാമ്പസിനുള്ളിൽ വിവാഹിതരെപോലെ കഴിയുന്നവരാണ്പലരും. പരിശുദ്ധ പ്രണയത്തിന്റെ കഥകൾ പഠിക്കുന്നവർ പക്ഷെ ജീവിതം കാമത്തിനുവേണ്ടി അടിയറവെക്കുന്നു. സുഹ്റയുടെയും മജീദിന്റെയും ലൈലാമജ്‌നോണിന്റെയും കഥകളറിയുന്നവർ പക്ഷെ പ്രണയങ്ങളെ കേവലം നിമിഷങ്ങളുടെ ആനന്ദത്തിനുവേണ്ടി ചെലവഴിക്കുന്നു.
പലപ്പോഴും പെണ്കുട്ടികളിത്തരം ചതിയിൽപെട്ട് ആത്മഹത്യവരെ ചെയ്യുന്നുണ്ട്. കലാലയം സ്നേഹാലയമാവണം.അല്ലാതെ കേവലം സമയം കൊല്ലികളായി ക്യാമ്പസിൻ വരാന്തയിലൂടെ നടന്നാൽ ഒരിക്കലും സ്നേഹാലയമാവില്ല. സഹപടികളോടുള്ള സ്നേഹവും ഗുരുവിനോടുള്ള ആദരവും ഉണ്ടായാലേ കലാലയങ്ങൾ സ്നേഹാലയങ്ങളാവുകയുള്ളു....
അശ്‌റഫ് ഉറുമി
0 Comments