രാമേശ്വരം: ഇന്ത്യയുടെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമ്മയ്ക്കായി പണി കഴിപ്പിച്ച കലാം സ്‌മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അബ്ദുൾ കലാമിന്റെ ജന്മനാടായ രാമേശ്വരത്ത്, അദ്ദേഹത്തിന്റെ ശവകുടീരത്തോട് ചേർന്ന് പെയ് കറുമ്പിലാണ് സ്‌മാരകം പണിതീർത്തിരിക്കുന്നത്.
കലാമിന്റെ പേരിലുള്ള സ്‌മാരകം അദ്ദേഹത്തിന്റെ ജീവിതത്തെയും കർമമേഖലയിലെ സുപ്രധാന സംഭവങ്ങളെയും അനശ്വരമാക്കുന്നു. തന്റെ ജീവിതത്തിലുടനീളം എളിമയും രാമേശ്വരത്തിന്റെ ആഴവും സമാധാനവും സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കലാമിന്റെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി സന്ദർശിച്ചു. കലാമിന്റെ സഹോദരൻ എ.പി.ജെ. എം. മരൈകയാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ അഭിമാനമായിരുന്ന ശാസ്ത്രജ്ഞനും രാഷ്ട്രപതിയുമായ അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായി സ്‌മാരകം പണികഴിപ്പിച്ചത്. തമിഴ്നാട് ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവു, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപരാഷ്ട്രപതി സ്ഥാനാർത്ഥി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പൊൻ രാധാകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
'കലാം സന്ദേശ് വാഹിനി ' എന്ന പേരിലുള്ള പ്രദർശനവും പ്രധാനമന്ത്രി ഉ്ദഘാടനം ചെയ്തു.
0 Comments