ഗുരുവായൂര്‍: നിത്യമാംഗല്യം പ്രതീക്ഷിച്ച് ദൈവത്തിന് മുന്നില്‍ അഗ്നിസാക്ഷിയാക്കി വിവാഹം ചെയ്തതിന് തൊട്ടുപിന്നാലെ വരന് താലിമാല ഊരി നല്‍കി വധു അപ്പോള്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന കാമുകനൊപ്പം പോയി. അപമാനിതരായ വരന്റെ ബന്ധു വധുവിന്റെ ബന്ധുവിനെ ചെരിപ്പൂരി തല്ലിയതോടെ വിവാഹം കൂട്ടത്തല്ലായി മാറി. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
കൊടുങ്ങല്ലൂര്‍ സ്വദേശി മുല്ലശേരി സ്വദേശിനിയായ യുവതിയാണ് കഥാനായിക. കെട്ടുകഴിഞ്ഞു മണ്ഡപത്തില്‍ നിന്നിറങ്ങി വരനും വധുവും ക്ഷേത്രനടയില്‍ തൊഴുതു നില്‍ക്കുമ്പോഴാണു വധു കാമുകനെ ചൂണ്ടിക്കാട്ടി ഇയാള്‍ക്കൊപ്പം പോകുകയാണെന്ന് അറിയിച്ചത്. പിന്നീട് താലിമാലയും ഊരിനല്‍കി.
വരനും കൂട്ടര്‍ക്കും തലകറക്കം അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ ഇടപെട്ട് വരനേയും വധുവിനെയും വിവാഹസല്‍ക്കാരം നടക്കുന്ന മണ്ഡപത്തിലെത്തിച്ചു. ബന്ധുക്കള്‍ കാര്യഗൗരവം പറഞ്ഞ് മനസിലാക്കിയെങ്കിലും വധു തന്റെ നിലപാടില്‍ ഉറച്ചു നിന്നു.
താലി തിരിച്ചു നല്‍കിയതിനാല്‍ വരന്റെ വീട്ടുകാര്‍ നല്‍കിയ സാരിയും ഊരി നല്‍കണമെന്നു വരനും കൂട്ടരും നിര്‍ബന്ധം പിടിച്ചു. വധു അതു ബന്ധുക്കളെ ഏല്‍പ്പിച്ചെങ്കിലും വധു തന്നെ തിരിച്ചു നല്‍കണമെന്ന ആവശ്യം ശക്തമായതോടെ വധു അതിനും തയാറായി. ഇതിനിടയില്‍ വരന്റെ ബന്ധുക്കള്‍ ചെരിപ്പൂരി വധുവിന്റെ ബന്ധുക്കളിലൊരാളെ അടിച്ചതോടെ രംഗം മാറി. പിന്നെ കൂട്ടത്തല്ലായി.
മണ്ഡപത്തിന്റെ ഉടമ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലെത്തി. ഇരു കൂട്ടരേയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കണമെന്നു വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമെടുക്കാമെന്ന ഉറപ്പില്‍ ഇരുകൂട്ടരും പിരിഞ്ഞുപോയി.
0 Comments