റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിച്ച 11 കാരന് ദാരുണാന്ത്യം

റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിച്ച 11 കാരന് ദാരുണാന്ത്യം

തെലുങ്കാന: സിനിമകളിലെയും റിയാലിറ്റി ഷോകളിലെയും സാഹസിക രംഗങ്ങള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക കുട്ടികളെയാണ്. ഇത്തരം സാഹസിക രംഗങ്ങള്‍ അനുകരിക്കരുതെന്ന് ചെറിയ അക്ഷരങ്ങളില്‍ മുന്നറിയിപ്പ് എഴുതിക്കാണിക്കുകയും അവതാരകന്‍ പറയുകയുമൊക്കെ ചെയ്യും. എങ്കിലും രഹസ്യമായി അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നതാകും ചിലതൊക്കെ. ഇത്തരത്തില്‍ ഒരു റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിക്കാന്‍ ശ്രമിച്ച 11 കാരന്‍ ഗുരുതരമായി പൊള്ളലേറ്റു മരിച്ചു. തെലങ്കാനയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയായ രപലെ കാളി വിശ്വനാഥാണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്ത തീ ഉപയോഗിച്ചുള്ള സാഹസിക രംഗമാണ് കുട്ടി അനുകരിക്കാന്‍ ശ്രമിച്ചത്. വായില്‍ നിറയെ മണ്ണെണ്ണ നിറച്ച ശേഷം കയ്യില്‍ പിടിച്ച തീക്കൊള്ളിയിലേക്ക് തുപ്പാന്‍ ശ്രമിക്കുന്നതിനിടെ മണ്ണെണ്ണ ശരീരത്തിലേക്ക് വീഴുകയും തീപിടിക്കുകയുമായിരുന്നു. ശരീരം മുഴുവന്‍ പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments