വോട്ട് പാഴാക്കി: കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും പ്രതിരോധത്തിൽ!! പരാതിയുമായി യൂത്ത് ലീഗ്!

വോട്ട് പാഴാക്കി: കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും പ്രതിരോധത്തിൽ!! പരാതിയുമായി യൂത്ത് ലീഗ്!

മലപ്പുറം: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്ദുള്‍ വഹാബും വോട്ട് പാഴാക്കിയതില്‍ മുസ്ലീം ലീഗില്‍ കടുത്ത അതൃപ്തി. പ്രമുഖ നേതാക്കളും യൂത്ത് ലീഗ് നേതൃത്വവും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ഉള്ളപ്പോള്‍ പ്രതിപക്ഷത്തിന്റെ രണ്ട് വോട്ട് പാഴായതില്‍ വലിയ അതൃപ്തിയാണ് ഉയരുന്നത്. വോട്ട് പാഴായതിനു പിന്നാലെ ഉയർന്ന പ്രതിഷേധം കുഞ്ഞാലിക്കുട്ടിയെയും അബ്ദുൾ വഹാബിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കേണ്ട നിര്‍ണായക സമയത്ത് ഇത്തരത്തിലൊരു വീഴ്ച നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായതാണ് നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞാണ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. അഞ്ച് മണിക്ക് വോട്ടിംഗ് അവസാനിക്കുമെന്നിരിക്കെ 5.10ന് ആണ് ലീഗ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്.
വിമാനം വൈകിയതിനെ തുടര്‍ന്നാണ് എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ കൃത്യസമയത്ത് എത്താനാകാത്തതെന്നാണ് വിശദീകരണം. അതേസമയം മനഃപൂര്‍വം വിമാനം വൈകിപ്പിച്ചെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. വോട്ടിംഗ് ദിനം രാവിലെയാണ് ലീഗ് എംപിമാര്‍ ഡല്‍ഹിക്ക് തിരിച്ചത്.
ഡൽഹി യാത്രക്കായി മൂന്ന് വിമാനങ്ങൾ മാറി കേറേണ്ടി വന്നിരുന്നു. വിമാനങ്ങൾ വൈകിയതും സമയം മാറ്റിയതും എംപിമാർക്ക് തിരിച്ചടിയായി. രണ്ട് ലീഗ് എംപിമാർ ഉൾപ്പെടെ 14 പേർ വോട്ട് ചെയ്തിരുന്നില്ല.

Post a Comment

0 Comments