അമേഠി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണ്‍മാനില്ലെന്ന് അമേഠിയില്‍ പോസ്റ്റര്‍ പ്രചാരണം. അമേഠി എംപിയായ രാഹുല്‍ ഗാന്ധിയെ കാണ്‍മാനില്ല. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുമെന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം. പോസ്റ്റര്‍ പതിച്ചത് ആരാണെന്ന് വ്യക്തമല്ല. വ്യക്തികളുടേയോ സംഘടനകളുടേയോ പേരിലല്ല പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ അമേഠി സന്ദര്‍ശിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാഹുല്‍ ഗാന്ധി തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരെ അപമാനിച്ചുവെന്നും പോസ്റ്ററില്‍ ആക്ഷേപമുണ്ട്. അമേഠിയിലെ ഗൗരിഗഞ്ച് മേഘലയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പോസ്റ്റര്‍ പ്രചാരണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധി മണ്ഡലം സന്ദര്‍ശിക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്.
0 Comments