ഗാന്ധിനഗർ: അത്യന്തം നാടകീയ നീക്കങ്ങളാൽ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്‌ട്രീയ ഉപദേഷ്‌ടാവുമായ അഹമ്മദ് പട്ടേലിന് വിജയം. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയ ബൽവന്ത് സിംഗ് രാജ്പുത്തിനെയാണ്, തികച്ചും വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവിൽ അഹമ്മദ് പട്ടേൽ പരാജയപ്പെടുത്തിയത്. ജയിക്കാനാവശ്യമായ 44 വോട്ടുകൾ അഹമ്മദ് പട്ടേൽ കൃത്യമായി സ്വന്തമാക്കി. ബി.ജെ.പി എം.എൽ.എ നളിൻ കൊട്ടാടിയ കൂറ് മാറി വോട്ട് ചെയ്തതും കോൺഗ്രസിന്റെ വിജയത്തിൽ നിർണായകമായി.
വോട്ടെടുപ്പ് പൂർത്തിയായി എട്ട് മണിക്കൂറിന് ശേഷമായിരുന്നു ഫലപ്രഖ്യാപനം. നിയമസഭയിൽ വ്യക്തമായ മേൽക്കൈയുള്ള ബി.ജെ.പി, തങ്ങളുടെ മറ്റ് സ്ഥാനാർത്ഥികളായ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടേയും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും വിജയം നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. ഇതോടെയാണ് ഒഴിവുവന്ന മൂന്നാം രാജ്യസഭാ സീറ്റിലേക്ക് വാശിയേറിയ മത്സരത്തിന് കളമൊരുങ്ങിയത്. നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് കോൺഗ്രസ് അർഹിച്ച വിജയം സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
നേരത്തെ, തങ്ങളുടെ രണ്ട് എം.എൽ.എമാർ കൂറ് മാറി ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്ന് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ കോൺഗ്രസ് പരാതി നൽകിയിരുന്നു. തുടർന്ന് കോൺഗ്രസിന്റെ ആവശ്യം തള്ളണമെന്നും, വോട്ടെണ്ണൽ പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ആറ് കേന്ദ്രമന്ത്രിമാർ അടങ്ങുന്ന ബി.ജെ.പി സംഘവും കമ്മീഷനെ സമീപിച്ചു. ഇരുവരുടേയും പരാതികൾ കേട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ, ഒടുവിൽ കോൺഗ്രസിന്റെ പരാതി ശരി വയ്ക്കുകയായിരുന്നു. തുടർന്ന് കൂറ് മാറി വോട്ട് ചെയ്ത രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ടുകൾ കമ്മിഷൻ അസാധുവാക്കി. ഇതോടെ മൂന്നാം സീറ്റിൽ വിജയിക്കാൻ സ്ഥാനാർത്ഥികൾക്ക് 44 വോട്ടുകൾ ഉറപ്പാക്കിയാൽ മതിയെന്നായി.
182 അംഗ നിയമസഭയാണ് ഗുജറാത്തിലേത്. നേതൃത്വവുമായി ഇടഞ്ഞ് ആറ് കോൺഗ്രസ് എം.എൽ.മാർ രാജിവച്ചതോടെ സഭയിലെ അംഗസംഖ്യ 176 ആയി ചുരുങ്ങി. ഈ കണക്കുകൾ പ്രകാരം ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ കുറഞ്ഞത് 45 വോട്ടുകൾ വേണമായിരുന്നു. എൻ.ഡി.എയ്‌ക്ക് 121 സീറ്റുള്ളതിനാൽ അമിത് ഷായും സ്‌മൃതി ഇറാനിയും നേരത്തെ തന്നെ വിജയമുറപ്പിച്ചിരുന്നു. തുടർന്നാണ് മൂന്നാമത്തെ സീറ്റിലെ വിജയിയെ നിശ്ചയിക്കാൻ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രിസന്റെ അഹമ്മദ് പട്ടേലും ബി.ജെ.പി സ്ഥാനാർത്ഥി ബൽവന്ത് സിംഗ് രാജ്പുത്തും തമ്മിലായിരുന്നു മത്സരം. കഴിഞ്ഞമാസം ആറ് എം.എൽ.എമാരുടെ രാജിയോടെ 51 അംഗങ്ങളായി ചുരുങ്ങിയ കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ഏഴ് എം.എൽ.എമാർ കൂടി പാർട്ടി നേതൃത്വത്തോട് നിസഹകരണം പ്രഖ്യാപിച്ചതാണ് അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലിലാക്കിയതും, വാശിയേറിയ മത്സരത്തിന് വഴിതുറന്നതും.
0 Comments