കാഞ്ഞങ്ങാട്: മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ കാണാതായ മൂന്നരവയസുകാരി സന ഫാത്തിമ്മയുടെ മൃതദേഹം കണ്ടെത്തി. പുഴയില്‍ നിന്നുമാണ് സനയുടെ മൃതദേഹം കണ്ടെത്തിയത്. സനയെ കാണാതായിട്ട് ഇന്നേക്ക് ഏഴു ദിവസമായിരുന്നു. തിരുവനന്തപുരത്തു നിന്നും എത്തിയ പ്രത്യേക ദുരന്തനിവാരണ സേന എത്തിയിരുന്നു. ഇവരുടെ പരിശോധനയിലാണ് സനയുടെ മൃതദേഹം കണ്ടെത്തിയത്.
സനയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ അരിച്ചുപെറുക്കിയെങ്കിലും സനയെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് പ്രത്യേക ദുരന്ത നിവാരണ സേനയെ എത്തിച്ച് പരിശോധന നടത്തിയത്. അന്യ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിനിടെയാണ് പ്രതീക്ഷകളെല്ലാം കെടുത്തി സനയുടെ മൃതദേഹം കണ്ടെത്തിയത്.
പാണത്തുര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകളാണ് സന ഫാത്തിമ. വ്യാഴാഴ്ച വൈകീട്ടാണ് സനയെ കാണാതായത്. മൂന്നരയോടെ അങ്കണവാടിയില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി ലഘുഭക്ഷണം കഴിച്ച് മുറ്റത്ത് കളിക്കാനിറങ്ങി. ഒരുമണിക്കൂര്‍ കഴിഞ്ഞ് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് സനയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും കുട്ടിയെ തിരഞ്ഞിറങ്ങുകയായിരുന്നു. ഇതിനിടെ വീടിന് സമീപമുള്ള നീര്‍ച്ചാലില്‍ നിന്ന് സനയുടെ കുടയും ചെരിപ്പും ലഭിച്ചിരുന്നു. മഴപെയ്‌തൊഴിഞ്ഞ സമയമായതിനാല്‍ നീര്‍ച്ചാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. ഈ നീര്‍ച്ചാല്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ തെരച്ചില്‍ നടന്നത്. തുടര്‍ന്ന് നീര്‍ച്ചാല്‍ ചെന്നു ചേരുന്ന പാണത്തൂര്‍ പുഴയിലേക്കും തെരച്ചില്‍ വ്യാപിപ്പിക്കുകയായിരുന്നു.
0 Comments