2011 ലോകകപ്പിലെ ഇന്ത്യയുടെ മികച്ച കൂട്ടുകെട്ടായിരുന്നു ധോണി ഗംഭീര്‍ കൂട്ടുകെട്ട്. ഈ ശക്തമായ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും. ഗംഭീറിന്റെ കരിയറിലെ മികച്ച പ്രകടനങ്ങള്‍ എല്ലാം ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. അതേസമയം, അടുത്തിടെ ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ധോണിക്ക് ആഗ്രഹിക്കുന്ന കാലം വരെ ക്രിക്കറ്റ് കളിക്കാവുന്ന സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും, അതുകൊണ്ട് നന്നായി കളിച്ചാല്‍ മാത്രമേ ടീമില്‍ നിലനില്‍ക്കാനാവുകയുള്ളൂ ഗംഭീര്‍ പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ ധോണിക്ക് ടീമില്‍ നിലനില്‍ക്കാനാകൂയെന്ന ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ വാക്കുകളെ ന്യായീകരിക്കുകയായിരുന്നു ഗംഭീര്‍.
2019 ലോകകപ്പ് ടീമില്‍ ധോണിക്ക് ഇടം ലഭിക്കണമെങ്കില്‍ നന്നായി കളിക്കുക എന്നത് മാത്രമാണ് മാര്‍ഗം. ഒരേ മാനദണ്ഡമാണ് എല്ലാവര്‍ക്കും ഉളളത്. അത് ധോണിയാണെങ്കിലും മറ്റൊരാളാണെങ്കിലും. നിങ്ങള്‍ പണ്ട് എന്ത് ചെയ്തിട്ടുണ്ട് എന്നത് പ്രസക്തമല്ല, ആഗ്രഹിക്കുന്നത് വരെ കളിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു.
യുവരാജ് സിങിന് വിശ്രമം അനുവദിച്ചത് ശരിയായില്ലെന്നും ഗംഭീര്‍ നേരത്തെ പറഞ്ഞിരുന്നു. ദിനേഷ് കാര്‍ത്തികിന് ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ നിരാശയും ഗംഭീര്‍ മറച്ചു വെച്ചില്ല. അവസരം നല്‍കിയപ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്, ടീമില്‍ ഉള്‍പ്പെടുത്താത്തത് വലിയ നഷ്ടമാണ്. മികച്ച വിക്കറ്റ് കീപ്പര്‍ കൂടിയാണ് കാര്‍ത്തിക് എന്ന് ഗംഭീര്‍ പറഞ്ഞു.
0 Comments