തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ പുതിയ ചെയർമാൻ സ്ഥാനത്തേക്ക് മുസ്‍ലിം ലീഗ് നേതാവ് എം.സി മായിൻ ഹാജിയെ പരിഗണിക്കുന്നു. മറ്റ് പേരുകളൊന്നും നിലവിൽ ലീഗ് നേതൃത്വത്തിന്‍റെ മുന്നിൽ ഇല്ല. നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായ പരിചയം കൂടി പരിഗണിച്ചാണ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ മായിൻ ഹാജിയുടെ പേരിന് മുൻഗണന ലഭിച്ചത്. ബോർഡിലെ ഏക എം.എൽ.എ പ്രതിനിധിയായി കുറുക്കോളി മൊയ്തീനെ ഉൾപ്പെടുത്തും.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ അവസാനകാലത്ത് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ പാണക്കാട് റഷീദലി ശിഹാബ് തങ്ങളെയായിരുന്നു ചെയർമാനായി നിയമിച്ചത്. ബോർഡിലേക്കുള്ള മറ്റ് അംഗങ്ങളുടെ പേരുകളിലും ഏകദേശ ധാരണയായതായാണ് വിവരം. പ്രബല മുസ്ലിം സംഘടനകൾക്കെല്ലാം ബോർഡിൽ പ്രാതിനിധ്യം നൽകാനാണ് ശ്രമം. കഴിഞ്ഞ സർക്കാർ കാലത്ത് ചില സംഘടനകൾക്ക് പ്രത്യേക പരിഗണന നൽകിയും ചിലരെ പാടെ ഒഴിവാക്കിയുമാണ് വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചിരുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ