ജംറയിലെ തിരക്കൊഴിവാക്കാന്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് കടുത്ത നിയന്ത്രണം

ജംറയിലെ തിരക്കൊഴിവാക്കാന്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് കടുത്ത നിയന്ത്രണം

മിന: ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മം ആരംഭിച്ചു . അറഫ സംഗമത്തിന് ശേഷം ഇന്നലെ മുസ്ദലിഫയില്‍ രാപാര്‍ത്ത ഹാജിമാര്‍ കല്ലുകള്‍ ശേഖരിച്ചാണ് പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തിയത്. തിരക്കൊഴിവാക്കാന്‍ തീര്‍ഥാടകരെ തങ്ങള്‍ക്കനുവദിച്ച സമയങ്ങളില്‍ തന്നെ മിനയിലെത്തിക്കാന്‍ അതാതു രാജ്യങ്ങളിലെ ഹജ്ജ് മിഷനുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ വൈകുന്നേരത്തോടെയായിരിക്കും കല്ലേറ് കര്‍മം പൂര്‍ത്തീകരിക്കുക

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ രാത്രിയാണ് അറഫായാല്‍ നിന്നും മുസ്ദലിഫയില്‍ എത്തിച്ചേര്‍ന്നത്. ഇവിടെ നിന്നും ബസുകളിലും മശാഇര്‍ ട്രെയിനുകളിലുമായാണ് ഹാജിമാര്‍ മിനയിലേക്ക് മടങ്ങിയത്. ഇത്തവണയും കല്ലേറ് കര്‍മങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

തീര്‍ഥാടകര്‍ ഒരേ സമയം കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ എത്തുന്നതാണു ഇവിടെ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണം. ഇതൊഴിവാകാനായി ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേക സമയക്രമം നല്‍കിയിട്ടുണ്ട്.

കൂടാതെ, കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. ദുല്‍ഹജ് 10,11,12 എന്നീ മൂന്ന് ദിവസങ്ങളിലും 11 മണിക്കൂറാണ് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുല്‍ഹജ് 10ന് വെളളിയാഴ്ച രാവിലെ ആറുമുതല്‍ 10:30 വരെയും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകീട്ട് ആറുവരെയും ഞായറാഴ്ച രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതില്‍ നിന്ന് ആഭ്യന്തര തീര്‍ഥാടകരെ വിലക്കിയിരിക്കുന്നത്. ഇക്കാര്യം ശക്തമായി പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments