അച്ഛന്റെ ശ്രാദ്ധചടങ്ങുകൾ പൂർത്തിയാക്കി ദിലീപ് ജയിലിലേക്ക് മടങ്ങി

അച്ഛന്റെ ശ്രാദ്ധചടങ്ങുകൾ പൂർത്തിയാക്കി ദിലീപ് ജയിലിലേക്ക് മടങ്ങി

കൊച്ചി: കർശന സുരക്ഷയിൽ നടൻ ദിലീപ് അച്ഛന്റെ ശ്രാദ്ധചടങ്ങുകൾ ആലുവയിലെ വീടായ പദ്മസരോവരത്തിൽ നിർവഹിച്ച ശേഷം ജയിലിലേക്ക് മടങ്ങി. രാവിലെ 7.55ന് കനത്ത സുരക്ഷയിൽ ജയിലിൽ നിന്ന് പുറത്തിറക്കിയ ദിലീപിനെ എട്ടു മണിയോടെ ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിൽ എത്തിച്ചു. വീടിന് മുന്നിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ദിലീപിനേയും വഹിച്ചു കൊണ്ടുള്ള വാഹനം വീടിന്റെ മുറ്റത്തേക്ക് പൊലീസ് കയറ്റി. തുടർന്ന്, നീല ജീൻസും വെള്ള ഷർട്ടും ധരിച്ച ദിലീപ് ജീപ്പിൽ നിന്ന് ഇറങ്ങി. താടി വളർന്ന് ക്ഷീണിതനായി കാണപ്പെട്ട ദിലീപ് ഉടൻ തന്നെ വീടിന്റെ ഉമ്മറത്തേക്ക് കയറിപ്പോയി. അവിടെയാണ് ശ്രാദ്ധചടങ്ങിനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നത്. വീട്ടിലേക്ക് കയറിയ ദിലീപ് പാന്റ്സ് അഴിച്ച ശേഷം മുണ്ട് ധരിച്ചു. ഷർട്ട് ഊരി തോർത്ത് തോളിലൂടെയിട്ട ശേഷം പൂജാരിയുടെ നിർദ്ദേശപ്രകാരം കർമങ്ങൾ ചെയ്യാൻ ആരംഭിച്ചു. ചടങ്ങുകൾ നടക്കുന്നിടത്തേക്ക് അടുത്ത ചില ബന്ധുക്കളെ മാത്രമാണ് പൊലീസ് അനുവദിച്ചത്. സഹോദരൻ അനുപ്,​ സഹോദരി സബിത,​ ദിലീപിന്റെ മകൾ മീനാക്ഷി എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.

ഒന്പതു മണിയോടെ കർമങ്ങൾ പൂർത്തിയാക്കി.തുടർന്ന് ദിലീപ് വീടിന്റെ സിറ്റൗട്ടിലിരുന്ന് കുടുംബാംഗങ്ങൾക്കൊപ്പം ആഹാരം കഴിച്ചു. പിന്നീട് കുറച്ച് സമയം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ചു. 9.45ഓടെ വീട്ടിലേക്ക് കൊണ്ടുവന്ന പൊലീസ് വാഹനത്തിൽ ദിലീപിനെ തിരികെ ജയിലിൽ എത്തിച്ചു.

ദിലീപിനെ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേരാണ് വീടിന് സമീപത്ത് തടിച്ചു കൂടിയത്. വീടിന്റെ ഇരുവശത്തുമായി 50 മീറ്റർ‌ അകലത്തിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഗേറ്റിന് മുന്നിൽ 15 പൊലീസുകാരെ വേറെയും നിയോഗിച്ചു. മാദ്ധ്യമ പ്രവർത്തകരേയും വീടിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല.

ആലുവ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിൽ സി.ഐയും എസ്.ഐമാരും അടങ്ങുന്ന സംഘം ദിലീപിനെ അതീവസുരക്ഷയോടെയാണ് ജയിലിൽ നിന്ന് പുറത്തിറക്കിയത്. ജനങ്ങൾ തടിച്ചു കൂടിയിരുന്നതിനാൽ തന്നെ ജയിൽ പരിസരത്ത് പൊലീസ് വലയം തീർത്തിരുന്നു. മാദ്ധ്യമങ്ങളോട് സംസാരിക്കാനും മൊബൈൽഫോൺ ഉപയോഗിക്കാനും അനുമതിയില്ലായിരുന്നു. ജയിലിൽ നിന്ന് പുറത്തിറക്കിയ ദിലീപിനോട് മാദ്ധ്യമ പ്രവർത്തകർ പ്രതികരണം തേടിയെങ്കിലും മിണ്ടാതെ ദിലീപ് ജീപ്പിലേക്ക് കയറി.

Post a Comment

0 Comments