കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനക്കേസിലെ പ്രതിയായ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോട് അന്വേഷണസംഘം ആവശ്യപ്പെട്ടതായിട്ടാണ് വിവരം. എന്നാല്‍ താനിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് താരം നല്‍കിയിരിക്കുന്ന മറുപടി. കേസില്‍ മുമ്പ് പല തവണ നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
എന്നാല്‍ കേസ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുന്നത്. കേസില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടെന്നും നേരത്തേ നടത്തിയ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞത് പലതും കളവാണെന്നും പോലീസ് സംശയിക്കുന്നു. കേസിന്റെ തുടക്കത്തില്‍ ദിലീപിനൊപ്പം മണിക്കൂറുകളോളം നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തതാണ്. പിന്നീട് വിട്ടയ്ക്കുകയും പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തിരുന്നു. അന്ന് നാദിര്‍ഷ നല്‍കിയ പല മൊഴികളും കളവാണോയെന്ന് പോലീസ് സംശയിക്കുന്നണ്ട്. അതുകൊണ്ട് നാദിര്‍ഷയെ കൂടുതല്‍ വിശദമായ ഒരു ചോദ്യം ചെയ്യല്‍ നടത്തേണ്ട ആവശ്യകതയുണ്ടെന്ന് പോലീസ് കരുതുന്നു. എന്നാല്‍ നാദിര്‍ഷയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ പോലീസ് ഉദ്ദേശിക്കുന്നില്ല. പകരം ചികിത്സ കഴിഞ്ഞിറങ്ങിയ ശേഷം ഒരു പ്രത്യേക തീയതി കണ്ടെത്തി വിളിച്ചു വരുത്താനാണ് ഇപ്പോള്‍ ഉദ്ദേശിച്ചിരിക്കുന്നത്.
കേസുമായി നാദിര്‍ഷയെ ബന്ധപ്പെടുത്തുന്ന ചില സൂചനകള്‍ പോലീസിന് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. കേസിലെ പ്രധാനപ്രതി സുനിയെ അറിയില്ല എന്ന നിലപാടാണ് നാദിര്‍ഷ നേരത്തേ സ്വീകരിച്ചത്. സുനിയുടെ ഫോണ്‍കോള്‍ ദിലീപിനെ ഉദ്ദേശിച്ചായിരുന്നു വന്നത് എന്നതിനാല്‍ അറിയിച്ചെന്നേയുള്ളെന്നാണ് നാദിര്‍ഷ നേരത്തേ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ നാദിര്‍ഷയ്ക്ക് കേസില്‍ സുപ്രധാന വിവരം ഉണ്ടായിരുന്നെന്നാണ് പോലീസ് കരുതുന്നത്. നാദിര്‍ഷയുമായി സുനി ബന്ധപ്പെട്ടത് തന്നെ ഇരുവരും തമ്മിലുള്ള ധാരണയുടെ പുറത്താണെന്നും സംശയിക്കുന്നു. ഗൂഡാലോചന അറിഞ്ഞിട്ട് മറച്ചു വെച്ചു. കേസ് ഒതുക്കുന്നതിന് ശ്രമിക്കുകയും ഗൂഡാലോചന നടത്തിയ മുഖ്യപ്രതിക്ക് സഹായം ചെയ്തു കൊടുത്തു തുടങ്ങിയ കുറ്റങ്ങള്‍ നാദിര്‍ഷ ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.
0 Comments