കാസർഗോഡ് : എം.എസ്.എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി ദുബൈ കെ.എം.സി.സി യുടെ സഹകരണത്തോടെ കഴിഞ്ഞ 3 വർഷമായി നടത്തി വരുന്ന സ്കോളർഷിപ്പ് പരീക്ഷയായ എഡ്യൂക്കേഷണൽ സ്കോളർഷിപ്പ് ടെസ്റ്റ് (മെസ്റ്റ്) വിജയികളെ സെപ്റ്റംബർ 12 ഉച്ചയ്ക്ക് രണ്ടിന് കാസർഗോഡ് വനിതാ ഭവനിൽ വെച്ച് നടക്കുന്ന നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ആദരിക്കും. വിദ്യാർത്ഥികളെ മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുവാനും സർക്കാർ സർവീസുകളിലേക്ക് കൈ പിടിച്ചുയർത്തുവാനും വേണ്ടി നടപ്പിൽ വരുത്തി വരുന്ന പരീക്ഷക്ക് ജില്ലയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. 32 സെന്ററിൽ നിന്നും ഹൈസ്കൂൾ, ഹയർ സെക്കന്ററി തലങ്ങളിലായി 7000 ത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെ അഭിമുഖീകരിച്ചത്. ആദ്യ 10 സ്ഥാനങ്ങളിൽ എത്തിയവർക്ക് 5000 രൂപ വീതവും പ്രശസ്തി പത്രവും തുടർന്നുള്ള 40 പേർക്ക് പ്രോത്സാഹന തുകയും നൽകും. നേതാക്കളായ ചെർക്കളം അബ്ദുള്ള, എം.സി ഖമറുദ്ദീൻ, എ. അബ്ദുൽ റഹ്മാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, അഷ്‌റഫ് എടനീർ, ഹംസ തൊട്ടി തുടങ്ങിയവർ സംബന്ധിക്കും. വിജയികൾ 12 ന് ഉച്ചയ്ക്ക് 1.30 നകം കാസർഗോഡ് വനിതാ ഭവനിൽ എത്തിച്ചേരണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ജന.സെക്രട്ടറി സി.ഐ.എ ഹമീദ് എന്നിവർ അറിയിച്ചു.
0 Comments