ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപ് ജയില്‍മോചിതനായി. വൈകുന്നേരം അഞ്ചരയോടെയാണ് ദിലീപ് ജയില്‍മോചിതനായത്. ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ദിലീപിന്റെ അനുജന്‍ അനൂപും, അഭിഭാഷകനും അങ്കമാലി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേറ്റിന്റെ റിലീസിംഗ് ഓര്‍ഡര്‍ ഉദ്യോഗസ്ഥര്‍ ജയില്‍ സൂപ്രണ്ടിന് മുന്‍പാകെ ഹാജരാക്കി. ഇതോടെയാണ് ദിലീപ് ജയില്‍മോചിതനായത്. ജയിലിന് മുന്നില്‍ കാത്തിരുന്ന ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് ദിലീപ് കാറില്‍ കയറി പോയത്. പറവൂര്‍ കവലയിലെ വീട്ടിലേക്കാണ് ദിലീപ് പോയത്.
നടന്‍ സിദ്ദിഖ്, സംവിധായകന്‍ അരുണ്‍ ഗോപി എന്നിവരും ബന്ധുക്കളും ദിലീപിന്റെ വീട്ടിലുണ്ട്. കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതതി ദിലീപിന് ജാമ്യം അനുവദിച്ചത്. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം കിട്ടിയത്. അഞ്ചാം തവണ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. പാസ്പോര്‍പ്പട്ട് കോടതിയില്‍ സമര്‍പ്പിക്കണം, തെളിവ് നശിപ്പിക്കരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് ഉപാധികള്‍. ജസ്റ്റീസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇതിനിടയില്‍ ഹൈക്കോടതിയില്‍ മൂന്ന് തവണയും വിചാരണകോടതിയില്‍ രണ്ടു തവണയും താരം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനിടയില്‍ പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ കേവലം രണ്ടു മണിക്കൂര്‍ നേരത്തേക്ക് താരം ജയിലില്‍ നിന്നും മോചിതനായിരുന്നു.
0 Comments