ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിൽ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ഏപ്പെടുത്തിയിരുന്ന എക്‌സൈസ് നികുതിയിൽ കുറവ് വരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഇതോടെ ഇന്ധനവിലയിൽ രണ്ട് രൂപയുടെ കുറവുണ്ടാകും. പുതുക്കിയ വിലകൾ ഇന്ന് അർദ്ധരാത്രിയോടെ നിലവിൽ വരും. തീരുമാനം മൂലം പ്രതിവർഷം 26,000 കോടിയുടെ സാമ്പത്തിക നഷ്‌ടമുണ്ടാകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 16 മുതൽ ദിവസേനയുള്ള ഇന്ധനവില നിർണയം ഏർപ്പെടുത്തിയതോടെ രാജ്യത്തെ പെട്രോൾ ഡീസൽ വിലയിൽ ഏതാണ്ട് 8 ശതമാനം വർദ്ധനവുണ്ടായതായി സർക്കാർ ഏജൻസി ധനമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ നില തുടർന്നാൽ രാജ്യത്ത് അനിയന്ത്രിതമായ വിലക്കയറ്റമുണ്ടാകുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.
അതേസമയം, എക്‌സൈസ് നികുതി കുറയ്‌ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ഇതേരീതിയിൽ നികുതി കുറയ്‌ക്കാൻ വിവിധ സംസ്ഥാനങ്ങളും നിർബന്ധിതരാകും. ഇത് ഇന്ധനവില വീണ്ടും കുറയ്‌ക്കുമെന്നാണ് പ്രതീക്ഷ.
0 Comments