
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി കോണ്‍ഗ്രസിലെ ഷാനവാസ് പാദൂരിനെ തിരഞ്ഞെടുത്തു. സി.പി.എമ്മിലെ ഇ. പത്മാവതിയെയാണ് ഷാനവാസ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം എച്ച് ദിനേശിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മൂന്നംഗങ്ങളുള്ള ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ മുസ്ലിം ലീഗിലെ സുഫൈജ അബൂബക്കറായിരുന്നു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി സുഫൈജയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. എന്നാല്‍ കോണ്‍ഗ്രസിനവകാശപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒന്നര വര്‍ഷം ലീഗ് വഹിച്ചുവരികയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കെ.പി.സി.സി നേതൃത്വം ഇടപെട്ടിരുന്നു. അതിനിടേ സുഫൈജ ജില്ലാപഞ്ചായത്തംഗ സ്ഥാനത്തുനിന്ന് രാജിവക്കുമെന്ന ഭീഷണി ഉയര്‍ത്തി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എ.ജി.സി ബഷീറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിന് അവകാശപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഷാനവാസിനു വേണ്ടി സുഫൈജ രാജിവച്ച് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരായിരുന്നു ഇത്രയും കാലം ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെടാതിരുന്നത്. ഒരാഴ്ച മുമ്പാണ് കെപിസിസി നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം ലീഗില്‍ നിന്നും തിരിച്ചാവശ്യപ്പെട്ടത്. സുഫൈജയുടെ രാജിയെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്.
0 Comments