ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

കൊച്ചി: ഐപിഎൽ കോഴ വിവാദത്തെ തുടർന്ന് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചു. നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ശ്രീശാന്തിന് ക്രിക്കറ്റ് കളി തുടരാനും കോടതി അനുമതി നൽകിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ബിസിസിഐ ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വിധി റദ്ദാക്കപ്പെട്ടത്. വിധി ശ്രീശാന്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ബിസിസിഐയുടെ നടപടിയിൽ സിംഗിൾ ബെഞ്ച് അപാകത കണ്ടെത്തിയിരുന്നില്ല. സിംഗിൾ ബെഞ്ച് വിധി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കുന്നതായിരുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിംഗിൾ ബെഞ്ച് പരിഗണിച്ചത് ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് മാത്രമാണ്. തങ്ങൾ നടത്തിയ അന്വേഷണത്തിന്‍റെയും ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് നൽകിയതെന്നും സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണമെന്നുള്ള ബിസിസിഐയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎൽ കോഴ വിവാദം 2013 മേയ് മാസത്തിലാണ് നടന്നത്. ശ്രീശാന്തിന് പുറമേ അങ്കിത് ചവാൻ, അജിത് ചാന്ദില എന്നീ രാജസ്ഥാൻ റോയിൽസ് താരങ്ങളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മൂവരെയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് വിചാരണ വേളയിൽ ഡൽഹി പാട്യാല കോടതി ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിടുകയായിരുന്നു. എന്നിട്ടും ബിസിസിഐ വിലക്ക് നിലനിന്നതിനാൽ ശ്രീശാന്തിന്‍റെ കളിക്കളത്തിലേക്കുള്ള മടങ്ങിവരവ് നടന്നില്ല. കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ വിലക്ക് തുടരുന്നത് ചോദ്യം ചെയ്ത് ശ്രീശാന്ത് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വിലക്ക് നീക്കിയത്.

Post a Comment

0 Comments