മലപ്പുറം : മതത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് ക്ഷേത്ര പൂജാരിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ മഹല്ല് വാസികളോട് അഭ്യര്‍ത്ഥിച്ച് ഒരു ജുമാ മസ്ജിദ് കമ്മറ്റി. മലപ്പുറം പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മറ്റിയാണ് മതസൗഹാര്‍ദ കര്‍മ്മവുമായി രംഗത്തെത്തിയിരിക്കുന്നത്.
തിരൂര്‍ പുറത്തൂര്‍ ബോട്ട്‌ജെട്ടി സ്വദേശികളായ മേപ്പറമ്പത്ത് അനില്‍ കുമാര്‍-രമ്യ ദമ്പതികളുടെ നാലു മാസം പ്രായമുള്ള മകന്‍ അര്‍ജുന്റെ ചികിത്സയ്ക്കായാണ് പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മറ്റി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ജന്മനാ ശ്വസകോശം ചുരുങ്ങുന്ന അപൂര്‍വ രോഗമാണ് അര്‍ജുനെ പിടികൂടിയിരിക്കുന്നത്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഉണ്ടായിരുന്ന വീടും നഷ്ടപ്പെടുത്തിയ ഇവര്‍ ഇപ്പോള്‍ വാടക വീട്ടിലാണ് കഴിയുന്നത്.
പുറത്തൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പൂജാരി ആയിരുന്നു അനില്‍ കുമാര്‍. പൂജാ കര്‍മ്മങ്ങള്‍ ചെയ്ത് ലഭിച്ചിരുന്ന ചെറിയ വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞു വന്നിരുന്നത്. എന്നാല്‍, മകന്റെ ചികിത്സ സംബന്ധിച്ച് അനിലിനും ജോലിയെടുക്കാന്‍ കഴിയാന്‍ പറ്റാതായി. അടുത്ത ദിവസം വരെ മകനൊപ്പം എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ഈ കുടംബം. അമൃതയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍ ഇപ്പോള്‍ ഓക്‌സിജന്‍ സഹായത്തോടെ വാടക വീട്ടില്‍ ജീവന്‍ നിലനിര്‍ത്തി വരികയാണ്.
ഇനി എന്തുചെയ്യുമെന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് പുറത്തൂര്‍ മഹല്ല് കമ്മറ്റിയെ അനില്‍കുമാറിന്റെ അയല്‍വാസികള്‍ ബന്ധപ്പെടുത്തുന്നത്. വിഷയം അറിഞ്ഞ മഹല്ല് കമ്മറ്റി യോഗം ചേരുകയും അന്വേഷിക്കുകയും തുടര്‍ന്ന് സഹായവുമായി രംഗത്തെത്തുകയുമായിരുന്നു
0 Comments