നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവനും നാദിര്‍ഷയും സാക്ഷികളാകും ; ദിലീപിനെതിരേ ഏറ്റവും വലിയ തെളിവുശേഖരണം

LATEST UPDATES

6/recent/ticker-posts

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവനും നാദിര്‍ഷയും സാക്ഷികളാകും ; ദിലീപിനെതിരേ ഏറ്റവും വലിയ തെളിവുശേഖരണം

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനും സുഹൃത്ത് നാദിര്‍ഷയും സാക്ഷികളാകും. കേസില്‍ അന്വേഷണസംഘം സമര്‍പ്പിക്കാനൊരുങ്ങുന്ന കുറ്റപത്രത്തില്‍ ഇരുവരെയും സാക്ഷികളാക്കി. ഇവര്‍ക്ക് പുറമേ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഉള്‍പ്പെടെ അനേകരാണ് സാക്ഷിപ്പട്ടികയില്‍ ഉള്ളത്. അപ്പുണ്ണി നല്‍കിയിരിക്കുന്ന മൊഴി ദിലീപിനെതിരാകുമെന്നും സൂചനയുണ്ട്.

കേസില്‍ ദിലീപിനെതിരേ ഏറ്റവും വലിയ തെളിവു ശേഖരണമാണ് പോലീസ് നടത്തിയിരിക്കുന്നത്. ഒരു തെളിവ് സാധൂകരിക്കാന്‍ മാത്രം അഞ്ചും ആറും ഉപതെളിവുകളും നല്കിയിട്ടുണ്ട്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരേ നിലപാട് കടുപ്പിച്ചതായും അവര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്ന് എട്ടു മാസത്തിന് ശേഷമാണ് കുറ്റപത്രം തയ്യാറാക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നത്. കേസില്‍ ദിലീപിനൊപ്പം നാദിര്‍ഷയുടെയും സാന്നിദ്ധ്യം പലപ്പോഴായി ഉയര്‍ന്നു വന്നിരുന്നു.

ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ​പലകാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്ന് കാണിച്ച് നാദിര്‍ഷയെയും കാവ്യയേയും രണ്ടാം തവണ ചോദ്യം ചെയ്യാനും അന്വേഷണസംഘം തയ്യാറെടുത്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ കാവ്യാമാധവന്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയുമായിരുന്നു. ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയുടെ മാതാവിന്റെ ബാങ്ക്ബാലന്‍സ് സംബന്ധിച്ച കാര്യങ്ങളാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. ഇതിനായി കഴിഞ്ഞ ദിവസം സുനിയുടെ മാതാവിനെയും ബന്ധുവിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

കുറ്റപത്രത്തില്‍ നേരത്തേ ദിലീപിനെ ഒന്നാംപ്രതിയാക്കുന്നതിനുള്ള നിയമോപദേശം തേടിയിരുന്നു. കുറ്റം ചെയ്യുന്നതിന് തുല്യമാണ് ഗൂഡാലോചന എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിഞ്ഞയാഴ്ച പോലീസ് ക്‌ളബ്ബില്‍ യോഗം ചേര്‍ന്ന അന്വേഷണസംഘം തെളിവുകള്‍ വിലയിരുത്തി. കൃത്യം നടത്തിയത് ദിലീപിന്റെ മേല്‍നോട്ടത്തിലാണ്. ദിലീപ് പറഞ്ഞത് അനുസരിച്ച് ക്വട്ടേഷന്‍ ഏറ്റെടുത്തയാളാണ് സുനില്‍കുമാര്‍. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് സുനി കൃത്യം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കൃത്യം ചെയ്തവര്‍ക്ക് നടിയോട് മുന്‍വൈരാഗ്യം ഇല്ലായിരുന്നു എന്നും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്.

സാഹചര്യതെളിവുകളും സാക്ഷി മൊഴികളുമൊക്കെ ആവശ്യത്തിന് രേഖപ്പെടുത്തിയിട്ടുണ്ട്. ചെറിയ പിഴവ് പോലും പ്രതി രക്ഷപ്പെടാന്‍ ഇടയാക്കുമെന്നിരിക്കെ പഴുതടച്ചുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. കേസിലെ തൊണ്ടിമുതലായ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ മുന്‍ നിര്‍ത്തിയാണ് കുറ്റപത്രം തയ്യാറാകുന്നത്. 11 പ്രതികളുള്ള കേസില്‍ 26 ലധികം രഹസ്യമൊഴികളും 20 ലധികം നിര്‍ണ്ണായക തെളിവുകളും അന്വേഷണസംഘം രേഖപ്പെടുത്തിയതായിട്ടാണ് വിവരം.

Post a Comment

0 Comments