മാറിനിൽക്കാൻ തയ്യാർ, തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ രാജിസന്നദ്ധത അറിയിച്ചു

മാറിനിൽക്കാൻ തയ്യാർ, തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ രാജിസന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭായോഗത്തിൽ ഉപാധികളോടെ രാജി സന്നദ്ധത അറിയിച്ചു. തൽക്കാലത്തേക്ക് താൻ മാറി നിൽക്കാമെന്നും ആരോപണത്തിൽ നിന്ന് മുക്തനായാൽ മന്ത്രിസ്ഥാനം തിരിച്ചു തരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രാവിലെ ഒന്പത് മണിക്ക് മന്ത്രിസഭാ യോഗം ആരംഭിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് തോമസ് ചാണ്ടിയുടെ രാജി സന്നദ്ധതയെ കുറിച്ച് പറഞ്ഞത്. തുടർന്ന് തോമസ് ചാണ്ടി സംസാരിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ചാണ്ടി പറഞ്ഞു. തന്നെ ചില മാദ്ധ്യമങ്ങൾ ചേർന്ന് ബലിയാടാക്കുകയായിരുന്നുവെന്നും തോമസ് ചാണ്ടി പറഞ്ഞു.ജില്ലാ കള്കടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ താൻ ഹർജി കൊടുത്തത് സർക്കാരിനെതിരായിരുന്നില്ല. വ്യക്തി എന്ന നിലയിലാണ് കോടതിയെ സമീപിച്ചത്. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോദ്ധ്യമുള്ളതിനാലാണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി നടത്തിയത് വാക്കാലുള്ള പരാമർശങ്ങൾ മാത്രമാണ്. ഹൈക്കോടതി ഹർജി തള്ളിയെങ്കിലും താൻ സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായാൽ മന്ത്രിസ്ഥാനം തിരിച്ചു നൽകണമെന്നും തോമസ് ചാണ്ടി പറഞ്ഞു. തന്റെ ഭാഗം കേൾക്കാതെ കളക്ടർ ഏകപക്ഷീയമായി റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു. തന്റെ ഭാഗം ന്യായീകരിക്കാനുള്ള സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടുവെന്നും തോമസ് ചാണ്ടി പറഞ്ഞു. എന്നാൽ, പ്രശ്നം ഇത്രയും വഷളാക്കിയത് തോമസ് ചാണ്ടി തന്നെയാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. തോമസ് ചാണ്ടിയുടെ നടപടികൾ സർക്കാരിനും ഇടത് മുന്നണിക്കും ക്ഷീണമുണ്ടാക്കിയെന്നും സുധാകരൻ കുറ്റപ്പെടുത്തി. മറ്റു മന്ത്രിമാരും തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന നിലപാടിൽ തന്നെയായിരുന്നു.

Post a Comment

0 Comments