ബുധനാഴ്‌ച, നവംബർ 15, 2017
തിരുവനന്തപുരം: കായൽ കൈയേറിയെന്ന ആരോപണം നേരിട്ട മന്ത്രി തോമസ് ചാണ്ടി ഗത്യന്തരമില്ലാതെ രാജിവച്ചു. രാജിക്കത്ത് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനങ്ങൾ വന്നതോടെ തോമസ് ചാണ്ടിക്ക് രാജിവയ്ക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. ആരോപണം ഉയർന്നപ്പോൾ മുതൽ തോമസ് ചാണ്ടിയെ സംരക്ഷിച്ച സി.പി.എമ്മും മുഖ്യമന്ത്രിയും ഹൈക്കോടതിയുടെ വിമർശനം വന്നതോടെ തോമസ് ചാണ്ടിയെ കൈയൊഴിയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ചേർന്ന എൻ.സി.പി നിർവാഹക സമിതി യോഗത്തിലും തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് നല്ലതെന്ന പൊതുവികാരമാണ് ഉയർന്നത്. ഇന്ന് രാവിലെ എട്ട് മണിക്ക് ക്ളിഫ്ഹൗസിലെത്തി തോമസ് ചാണ്ടി പിണറായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എൻ.സി.പി സംസ്ഥാന പ്രസി‌ഡന്റ് ടി.പി.പീതാംബരനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 40 മിനിട്ട് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനായി തോമസ് ചാണ്ടി സെക്രട്ടേറിയറ്റിലെത്തി. മന്ത്രിസഭാ യോഗത്തിന് ശേഷം എൻ.സി.പി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്തിട്ടായിരുന്നു രാജിപ്രഖ്യാപനം.

പിണറായി വിജയൻ നയിക്കുന്ന മന്ത്രിസഭയിൽ നിന്ന് ഒന്നര വർഷത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. സർക്കാർ അധികാരത്തിലേറി അഞ്ച് മാസം പിന്നിട്ടപ്പോൾ ബന്ധു നിയമന വിവാദത്തെ തുടർന്ന് ഇ.പി.ജയരാജൻ രാജിവച്ചിരുന്നു. അശ്ലീല ഫോൺ സംഭാഷണത്തിൽ കുടുങ്ങി എൻ.സി.പിയിലെ തന്നെ എ.കെ.ശശീന്ദ്രനും പിന്നീട് രാജിവച്ചു. ശശീന്ദ്രന് പകരമെത്തിയ തോമസ് ചാണ്ടിയുടെ രാജിയോടെ എൽ.ഡി.എഫിന്റെ ഘടകകക്ഷിയായ എൻ.സി.പിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നഷ്ടമായി. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും എൻ.സി.പിക്ക് മന്ത്രിയില്ലാത്ത അവസ്ഥയും ഇതോടൊപ്പം ഉണ്ടായിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ