വാദിയായി എത്തിയ തന്നെ പ്രതിയാക്കിയത് ബെഹ്‌റ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

വാദിയായി എത്തിയ തന്നെ പ്രതിയാക്കിയത് ബെഹ്‌റ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് രംഗത്ത്. ആവശ്യം ഉന്നയിച്ച് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി തൊട്ടു പിന്നാലെയാണ് ദിലീപ് ഇത്തരമൊരു നീക്കം നടത്തിയത്. തന്നെ കുടുക്കിയതില്‍ ലോക്‌നാഥ് ബെഹ്‌റയ്ക്കും ബി. സന്ധ്യയ്ക്കും വ്യക്തമായ പങ്കുണ്ടെന്നും ഇരുവരും ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും കത്തില്‍ ദിലീപ് ആരോപിക്കുന്നു. 12 പേജുള്ള കത്ത് രണ്ടാഴ്ച മുന്‍പാണ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന്റെ ഈ നീക്കം.

ബെഹ്‌റയും സന്ധ്യയും ഗൂഢാലോചന നടത്തിയതിന് തന്റെ പക്കല്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്നും കേസില്‍ തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ശരിയായ അന്വേഷണം നടത്തിട്ടില്ലെന്നും കത്തില്‍ ദിലീപ് ആരോപിക്കുന്നു.

കേസില്‍ മുഖ്യപ്രതിയായി ജയിലില്‍ കിടക്കുന്ന പള്‍സര്‍ സുനി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി എത്തിയ തന്നെ ഒടുവില്‍ പ്രതിയാക്കി മാറ്റുകയായിരുന്നു. അന്ന് എല്ലാ വിവരങ്ങളും ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, പദവിക്ക് യോജിക്കാത്ത പ്രവര്‍ത്തനമാണ് ബെഹ്‌റയില്‍ നിന്നും ഉണ്ടായതെന്നും ദിലീപ് പറയുന്നു.

കേസില്‍ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന കേസ് പോലീസ് കണ്ടെത്തിയിരിക്കുന്നത് നാല് ദിവസങ്ങളില്‍ നാലു സമയങ്ങളിലാണ്. അതുകൊണ്ടു തന്നെ പ്രതിഭാഗം ഉന്നയിക്കാനിടയുള്ള ആലബൈ വാദത്തിന് കുറ്റപത്രത്തില്‍ തന്നെ പോലീസ് പാഠദേദം ഒരുക്കും. ഇന്ത്യന്‍ തെളിവുനിയമത്തിലെ 11-ാം വകുപ്പ് അനുസരിച്ച് പ്രതിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ആലബൈ. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന രീതിയാണ് ഇത്.

Post a Comment

0 Comments